മായാനദി എന്ന ആഷിക് അബു ചിത്രം ഓരോരുത്തര്‍ക്കും ഓരോന്നായിരുന്നു. ചിലര്‍ക്കത് അപ്പുവിന്റെയും മാത്തന്റേയും പ്രണയമാണെങ്കില്‍ മറ്റു ചിലര്‍ക്ക് സൗഹൃദത്തിന്റെ മായാനദിയായിരുന്നു. റെഡ് വൈനും കുടിച്ച് രാത്രി ബാല്‍ക്കണിയിലിരുന്ന് ‘ബാവ്രാ മന് ദേഖ്നേ ചലാ ഏക് സപ്നാ’ എന്നൊരുവള്‍ പാടുകയാണ്. അതെ, അപ്പുവിന്റെയും ദര്‍ശനയുടേയും സമീറയുടേയും സൗഹൃദനദികൂടിയാണ് കണ്ടിരിക്കുന്നവരുടെ ഹൃദയത്തിലേക്ക് ഒഴുകിയത്. സ്ക്രീനിലെ ഏറ്റവും സ്നേഹാര്‍ദ്രമായ സെക്കന്‍ഡുകള്‍.
I found this out …….#Love4BawraaMann Mayaanadhi Bhawra Mann | Aashiq Abu | Rex Vijayan https://t.co/07L23PNg2M via @YouTube
— Swanand Kirkire (@swanandkirkire) January 3, 2018
സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ ‘ഹസാരോം ഖ്വായിഷേന്‍ ഐസി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്വാനന്ദ് കിര്‍കിറേ ആലപിച്ച ‘ബാവ്രാ മന്’ ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന് തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും ദര്‍ശനയും തകര്‍ത്ത് അഭിനയിച്ച, അല്ല, ജീവിച്ച രംഗം. പരസ്പരം ഒന്നും പറയാതെ ഉള്ളറിയുന്ന സൗഹൃദം തീര്‍ച്ചയായും കണ്ടിരിക്കുന്നവരുടെ കണ്ണു നിറച്ചിരിക്കും.
ചിത്രം പോലെ തന്നെ ഈ പാട്ടും വന്‍ ഹിറ്റായി. ബാവ് രാ മന് പാടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യലാണ് പലരുടേയും പ്രധാന പരിപാടി. നിരവധി പേരാണ് ഈ ഗാനരംഗത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞത്.
“പാട്ടിലെ മൂന്നു പെണ്ണുങ്ങളും അവരുടെ നിലത്തിരിപ്പും മടിയില്‍ കിടപ്പും ഹിന്ദിയില്‍ നിന്നെടുത്ത ആ പാട്ടിന്റെ പുനരാവിഷ്കരണവും ഓര്‍മ്മയില്‍ നിന്നുമായുന്നില്ല” എന്നായിരുന്നു എഴുത്തുകാരി പ്രിയ എ.എസ് ഇതേക്കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയത്.