മോഹൻലാൽ എന്ന പേരിൽ തന്നെ മോഹൻലാൽ ആരാധന അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മഞ്ജു വാര്യർ കടുത്ത മോഹൻലാൽ ആരാധികയായി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സാജിദ് യഹിയ ആണ്. ഇന്ദ്രജിത് നായക വേഷത്തിൽ എത്തിയിരിക്കുന്ന ചിത്രം സമ്മിശ്ര പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്.

ഇപ്പോഴിതാ മലയാളികളുടെ മോഹൻലാൽ ആരാധന അടിസ്ഥാനമാക്കി മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങുന്നു. സുവർണ്ണപുരുഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുനിൽ പൂവേലിയാണ്. പ്രശസ്ത നടൻ ഇന്നസെന്റ് ആണ് ഈ ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധകൻ ആയി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.

സുനിൽ പൂവേലി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ തിയേറ്റർ ഓപ്പറേറ്റർ ആയ റപ്പായി എന്ന കഥാപാത്രമായി ആണ് ഇന്നസെന്റ് അഭിനയിക്കുന്നത്.  ഗ്രാമത്തിൽ റപ്പായിയുടെ തിയേറ്ററിൽ ആണ് ഒരുവിധം എല്ലാ മോഹൻലാൽ ചിത്രങ്ങളും വരുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും മോഹൻലാൽ ആരാധകരുമാണ്. പക്ഷെ മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്റെ റിലീസ് ദിവസം റപ്പായിക്ക് അവിടം വിടേണ്ടി വരുന്നു. പിന്നീട് റപ്പായിയുടെയും ആ നാട്ടുകാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്.

ലെനയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒട്ടേറെ പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും. ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്. ഒരു ദേശം, ഒരു താരം, ഒരേ ഒരു സുവർണ്ണപുരുഷൻ, എന്ന പേരിൽ ആണ് ഈ ചിത്രം വരുന്നത്. JL ഫിലിംസിന്റെ ബാനറിൽ, ലിറ്റി ജോർജ്, ജീസ് ലാസർ എന്നിവർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത് രവി, സുനിൽ സുഗത, മനു, കലാഭവൻ ജോഷി, കലിംഗ ശശി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ,യഹിയ കാദർ, ബിജു കൊടുങ്ങല്ലൂർ, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗം ആണ്. നീതു എസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് വിഷ്ണു വേണുഗോപാലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ