വ്യാഴാഴ്ചയാണ് തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരം ബോളിവുഡ് താരം സുസ്മിത സെൻ ആരാധകരെ അറിയിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സുസ്മിതയെ ഉടനെ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണ് താനെന്നാണ് സുസ്മിത ആരാധകരെ അറിയിച്ചത്.
തനിക്കു വേണ്ടി പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് നന്ദി പറയുകയാണ് സുസ്മിത ഇപ്പോൾ. ഒപ്പം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും എന്താണ് സംഭവിച്ചതെന്നും സുസ്മിത ലൈവിൽ സംസാരിച്ചു. “വളരെ വലിയൊരു ഹൃദയാഘാതത്തെയാണ് അതിജീവിച്ചത്. ശരിക്കും ഗുരുതരമായിരുന്നു. പ്രധാന ധമനിയിൽ 95 ശതമാനം തടസ്സമുണ്ടായിരുന്നു. അതൊരു ഘട്ടമായിരുന്നു, അത് കടന്നുപോയി.”
തന്റെ ജീവൻ രക്ഷിച്ചതിന് നാനാവതി ആശുപത്രിയിലെ ഐസിയു മേധാവിയ്ക്ക് സുസ്മിത നന്ദി പറഞ്ഞു. കഴിഞ്ഞുപോയത് തന്നെ ഭയപ്പെടുത്തുന്നില്ലെന്നും ഇനിയുമെന്തൊക്കെയോ ചെയ്യാനുണ്ടെന്ന പ്രതീക്ഷയാണ് മുന്നിലുള്ളതെന്നും മറ്റൊരു തരത്തിൽ താൻ ഭാഗ്യവതിയാണെന്നും സുസ്മിത കൂട്ടിച്ചേർത്തു. സന്ദേശങ്ങൾക്കും പൂക്കൾക്കും തന്റെ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും താരം നന്ദി പറഞ്ഞു, “എന്റെ വീട് ഒരു ഏദൻ തോട്ടം പോലെയാണിപ്പോൾ.”
വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും കാരണമാണ് തനിക്ക് അതിജീവിക്കാനായതെന്ന് പറഞ്ഞ സുസ്മിത ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.