ലൈംഗികാതിക്രമാരോപണ കേസിന് നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് സുസ്മിതാ സെൻ   ആദായ നികുതി നൽകേണ്ടതില്ല എന്ന ഉത്തരവ് പുറപ്പെടുവിച്ച് മുംബൈ ഇൻകം ടാക്സ് അപ്പീൽ ട്രൈബ്യൂണൽ ബെഞ്ച്. ഇന്ന് 43-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ലഭിച്ച ഏറ്റവും മികച്ചൊരു പിറന്നാൾ സന്തോഷമായി മാറുകയാണ് ട്രൈബ്യൂണൽ ബെഞ്ചിന്റെ ഈ വിധി.

മുൻ വിശ്വസുന്ദരിയും അഭിനേത്രിയുമായ സുസ്മിതാ സെന്നിന് സോഫ്റ്റ് ഡ്രിങ്ക്  ഭീമനായ കൊക്കകോള ഇന്ത്യ നൽകിയ നഷ്ടപരിഹാര തുകയുടെ കാര്യത്തിലാണ് താരത്തിന് ആശ്വാസകരമായ ഉത്തരവ് വന്നിരിക്കുന്നത്. കൊക്കകോള ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനെതിരെ സുസ്മിത സെൻ ലൈംഗികാതിക്രമാരോപണമുന്നയിച്ചതിനെ തുടർന്ന് 2003- 2004 സാമ്പത്തികവർഷത്തിലാണ് കമ്പനി 95 ലക്ഷം രൂപ താരത്തിന് നഷ്ടപരിഹാരമായി നൽകുന്നത്.

ഫെബ്രുവരി 2001 മുതൽ ജനുവരി 2002 വരെ കൊക്കകോളയുടെ ബ്രാൻഡായ ‘തംസ് അപ്പി’ന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു സുസ്മിത സെൻ. ഒന്നര കോടി രൂപയ്ക്കായിരുന്നു സുസ്മിത കൊക്കകോള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ, കാലാവധി അവസാനിക്കും മുൻപ് കമ്പനി താരവുമായുള്ള കരാർ അവസാനിപ്പിച്ചു. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമാരോപണം ഉന്നയിച്ചതിനെ തുടർന്നുള്ള പ്രതികാരനടപടിയായിട്ടാണ് കാലാവധി പൂർത്തിയാകും മുൻപേയുള്ള കരാർ റദ്ദ് ചെയ്യൽ എന്നായിരുന്നു സുസ്മിതയുടെ ആരോപണം. കമ്പനിക്കെതിരെ നിയമയുദ്ധത്തിന് സുസ്മിത തയ്യാറാവുകയും തുടർന്ന് കൊക്കകോള ഇന്ത്യ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനു തയ്യാറാവുകയുമായിരുന്നു.

കരാർ റദ്ദ് ചെയ്യുന്ന സമയത്ത് കമ്പനി സുസ്മിതയ്ക്ക് 50 ലക്ഷം രൂപയായിരുന്നു നൽകാൻ ബാക്കിയുണ്ടായിരുന്നത്, അതിനൊപ്പം ലൈംഗികാതിക്രമാരോപണ കേസിലെ നഷ്ടപരിഹാര തുകയായ 95 ലക്ഷം രൂപ കൂടി ചേർത്ത് 1.45 കോടി രൂപയാണ് കൊക്കകോള കമ്പനി സുസ്മിതയ്ക്ക് നൽകിയത്. ഇത് ലൈംഗികാതിക്രമാരോപണത്തിന്റെ പുറത്ത് നൽകുന്ന നഷ്ടപരിഹാരമല്ല, മറിച്ച് കരാർ അടിസ്ഥാനത്തിൽ നൽകേണ്ട തുകയുടെ പുറത്തുള്ള ഒത്തുതീർപ്പാണെന്നായിരുന്നു അന്ന് കമ്പനി അധികാരികളുടെ വിശദീകരണം.

നഷ്ടപരിഹാരമായി ലഭിച്ച ഈ 95 ലക്ഷം രൂപയ്ക്ക് സുസ്മിത നികുതി അടച്ചിരുന്നില്ല. നികുതി അടയ്ക്കാത്തതിനെ തുടർന്ന് താരത്തിൽ നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാൻ തീരുമാനിച്ച ഉത്തരവും ട്രൈബ്യൂണൽ ബെഞ്ച് റദ്ദാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook