24 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുഷ്മിതാ സെന്‍ എന്ന ബംഗാളി പെണ്‍കുട്ടി ‘മിസ്സ് യൂണിവേര്‍സ്’ കിരീടം നേടുന്നത്. സൗന്ദര്യ മത്സരങ്ങളിലെ സമുന്നതമായ ആ പുരസ്‌കാരം 1994ല്‍ ഇന്ത്യയിലേക്ക് ആദ്യമായും കൊണ്ട് വന്നത് ആ പതിനെട്ടു വയസ്സുകാരിയായിരുന്നു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ വിശ്വ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ട ആ ദിനത്തില്‍ ഓര്‍മ്മയില്‍ സുഷ്മിത തന്‍റെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു.
“പതിനെട്ടു വയസ്സായിരുന്നു അന്നെനിക്ക്. ഇന്ത്യ ആദ്യമായി മിസ്സ് യൂണിവേര്‍സ് പട്ടം നേടിയ ദിവസം, 1994 മെയ് 21. ഇപ്പോള്‍ എനിക്ക് 42 വയസ്സായി. പക്ഷേ ഞാനിപ്പോഴും ‘മിസ്സ്’ ആയിത്തന്നെ തുടരുന്നു, ഉള്ളില്‍ ഒരു ‘യൂണിവേര്‍സും’ കൊണ്ട് നടക്കുന്നുണ്ട്. സ്നേഹവും സന്തോഷവും കരുണയും എത്രത്തോളം നമ്മള്‍ നല്കുന്നുവോ അത്രത്തോളം അത് നമുക്ക് തിരിച്ചു കിട്ടും എന്ന് ‘യൂണിവേര്‍സ്’ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാവര്‍ക്കും സ്നേഹം.”
‘മിസ്സ് യൂണിവേര്‍സ്’ കിരീടം നേടിയ ശേഷം ബോളിവുഡിലേക്ക് കടന്ന സുഷ്മിത ‘ദസ്‌തക്’ എന്ന ചിത്രത്തില്‍ തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി കൂടാതെ തമിഴ്, ബംഗാളി എന്നീ ഭാഷാ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അവിവാഹിതയായ സുഷ്മിത രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. റെനീ, ആലീസ എന്നാണു അവരുടെ പേരുകള്‍.
സുഷ്മിതാ സെന്‍ വിശ്വ സുന്ദരിപ്പട്ടം നേടിയ അതേ വര്‍ഷം തന്നെയാണ് ഐശ്വര്യാ റായ് ലോക സുന്ദരിയാവുന്നത്. സുഷ്മിതയ്ക്ക് ശേഷം വിശ്വ സുന്ദരി പട്ടം നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് ലാറാ ദത്ത. ഐശ്വര്യയ്ക്ക് ശേഷം ലോക സുന്ദരികള്‍ ആയവര്‍ ഇവരൊക്കെയാണ് – ഡയാന ഹൈഡന്‍, യുക്താ മുഖി, പ്രിയങ്കാ ചോപ്ര, മാനുഷി ചില്ലര്‍. പ്രിയങ്കയ്ക്ക് ശേഷം 17 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഹരിയാന സ്വദേശിനിയായ മാനുഷി ലോക സുന്ദരിയാവുന്നത്.
ലോകസുന്ദരി കിരീടം നേടിയ മാനുഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഏറ്റവുമാദ്യം ട്വീറ്റ് ചെയ്ത സെലിബ്രിറ്റികളിലൊരാളാണ് സുഷ്മിതാ സെന്‍. ഒരു വിമാനയാത്രക്കിടെ ഇരുവരും കണ്ടുമുട്ടിയ വിഡിയോ വൈറലാവുകയും ചെയ്തിരുന്നു. സുഷ്മിതയും മാനുഷിയും പരസ്പരം സന്തോഷം പങ്കിടുന്നതിന്‍റെയും മാനുഷിയെ സുഷ്മിത പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.
“നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. പിന്നെല്ലാം ദൈവത്തിന്‍റെ കൈകളില്‍ ഏല്‍പിക്കുക. ആശംസകള്‍” എന്ന് സുഷ്മിതാ പറയുന്നതും മാനുഷിയുടെ കൈകളില്‍ ചുംബിക്കുന്നതും കാണാം.