എതിർ പാർട്ടിക്കാർ പോലും ബഹുമാനത്തോടെയും ആദരവോടെയും നോക്കി കാണുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ചൊവ്വാഴ്ച അന്തരിച്ച സുഷമ സ്വരാജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും ഏറെ ആദരവുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു സുഷമ. അത് തനിക്ക് മനസ്സിലായ ഒരനുഭവം പങ്കുവയ്ക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. ‘ടേക്ക് ഓഫ്’ എന്ന സിനിമയുടെ താങ്ക്സ് കാർഡിൽ പേരു വയ്ക്കുന്ന കാര്യം സംസാരിക്കാനായി ഉമ്മൻചാണ്ടിയെ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആന്റോ ജോസഫ്.
‘ടേക്ക് ഓഫ്’ പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ഞാൻ ഉമ്മൻചാണ്ടി സാറിനെ വിളിക്കുന്നത്. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയാണല്ലോ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാർ. അദ്ദേഹത്തിന്റെ പേര് സിനിമയുടെ താങ്ക്‌സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നി, അനുവാദം ചോദിക്കാൻ വിളിച്ചതായിരുന്നു. ‘എന്റെ പേര് വയ്ക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വയ്ക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എതിര്‍ പാർട്ടിയിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ വാശിപിടിക്കുന്നത് എന്തിനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി,” ആന്റോ ജോസഫ് പറയുന്നു.
നഴ്സുമാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു എന്നും അവരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് താൻ ഡല്‍ഹിയില്‍ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങള്‍ നടത്തിയത് സുഷമാ സ്വരാജായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞതായി ആന്റോ ജോസഫ് .
മോചനത്തിനു ശേഷം നഴ്സുമാർ തിരിച്ച് കേരളത്തിലെത്തുന്നതുവരെ സുഷമ സ്വരാജ് കേരള സർക്കാരിന്റെ കൂടെ തന്നെ നിന്നു. പ്രത്യേകവിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കാൻ അനുമതിയില്ലെന്നറിഞ്ഞ് ഗത്യന്തരമില്ലാതെ അര്‍ദ്ധരാത്രി ഒന്നര മണിക്ക് വിളിച്ചപ്പോഴും സുഷമ സ്വരാജ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ‘ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കും,’ എന്നു വാക്കു കൊടുത്ത അനുഭവവും ഉമ്മൻചാണ്ടി പങ്കുവച്ചതായി ആന്റോ ജോസഫ് പറഞ്ഞു.
Read more: സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം
ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.