സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കുണ്ടെന്ന് ആരോപിച്ച്, അദ്ദേഹത്തിന്റെ പിതാവ് കെ.കെ സിങ് പാട്ന പൊലീസിന് പരാതി നൽകിയിട്ട് ദിവസങ്ങളായി. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ റിയ എവിടെയെന്ന് ആർക്കും അറിയില്ലെന്നാണ് പൊലീസും സുശാന്തിന്റെ വീട്ടുകാരും പറയുന്നത്. ഈ വിഷയത്തിൽ വ്യക്തതവരുത്തുകയാണ് റിയയുടെ അഭിഭാഷകനായ സതീഷ് മനേഷിന്ദെ. റിയ എപ്പോഴും മുംബൈയിൽ തന്നെയായിരുന്നു എന്നും, സുശാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ കുടുംബം റിയയെ അനുവദിച്ചിട്ടില്ലെന്നും സതീഷ് പറയുന്നു.
റിയ ചക്രബർത്തി എപ്പോഴും മുംബൈയിലാണ് താമസിക്കുന്നത്. 2020 ജൂൺ 14 ന് അവർ മുംബൈയിലുണ്ടായിരുന്നു. സുശാന്ത് സിങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ റിയയെ അനുവദിച്ചില്ല. കാരണം 20 പേരുടെ പട്ടികയിൽ നിന്ന് റിയയെ പേര് ഒഴിവാക്കിയിരുന്നു.
Read More: സുശാന്തിന്റെ കുടുംബത്തിൽ നിന്ന് ഫെബ്രുവരിയിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ്
റിയ മുംബൈ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
“2020 ജൂൺ 18 ന് മുംബൈ പോലീസ് അവരെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവരുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് 2020 ജൂലൈ 17 ന് സാന്റാക്രൂസ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിയ്ക്കുകയും അവർ അവിടെ എത്തുകയും ചെയ്തു. അവിടെ വച്ചും റിയയുടെ മൊഴി രേഖപ്പെടുത്തി.”
പട്നയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് അന്വേഷണത്തിനായി ബീഹാർ പോലീസ് മുംബൈയിലെത്തി. അന്വേഷണം പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചു.
“പട്നയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ ബീഹാർ പോലീസ് മുംബൈയിലെത്തിയപ്പോൾ, സുപ്രീംകോടതിയെ സമീപിക്കുകയും, 2020 ജൂലൈ 30 ന്, കേസ് പരിഗണിക്കുന്നത് മുംബൈയിലേക്ക് മാറ്റാൻ ട്രാൻസ്ഫർ ഹരജി നൽകുകയും ചെയ്തു. സംഭവം നടന്ന ലോക്കൽ പോലീസ് സ്റ്റേഷന്റെ അധികാരപരിധിക്കപ്പുറത്ത് രജിസ്റ്റർ ചെയ്ത ഒരു കേസിൽ “സീറോ എഫ്ഐആർ” രേഖപ്പെടുത്തുകയും ക്രിമിനൽ നിയമം നടപ്പാക്കിയിട്ടുള്ള മുംബൈയിലേക്ക് അന്വേഷണത്തിനായി മാറ്റുകയും ചെയ്യാം. കേസ് നിയമപരമായും അല്ലാതെയും അന്വേഷിക്കാൻ ബിഹാർ പോലീസിന് അധികാരമില്ല.”
സുശാന്തിന്റെ മരണത്തെക്കുറിച്ച് മുംബൈ പൊലീസ് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. നടിയും സുശാന്തിന്റെ കൂട്ടുകാരിയുമായ റിയ ചക്രവർത്തി അടക്കമുള്ളവർക്കെതിരേയാണ് സുശാന്തിന്റെ പിതാവ് പട്നയിൽ പരാതി നൽകിയത്.
തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പട്നയില് രജിസ്റ്റർ ചെയ്ത എഫ്ഐആർ മുംബൈയിലേക്ക് മാറ്റി തരണം എന്ന് അവശ്യപ്പെട്ടു റിയ സമർപ്പിച്ച ഹർജിയിൽ മുംബൈ പൊലീസ് സുപ്രീം കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്.