ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് മരിച്ചിട്ട് രണ്ടാഴ്ചയാകുന്നു. സുശാന്തിന്റെ അന്ത്യകർമങ്ങളിൽ വേദനയോടെ നിന്ന പിതാവ് കെ.കെ സിങ്ങിന്റെ മുഖം ആരും മറന്നു കാണില്ല. അന്ന് തന്റെ അടുത്ത് വന്ന് സംസാരിച്ചത് സുശാന്തിന്റെ സുഹൃത്തും ബോളിവുഡ് നടിയുമായ കൃതി സനോൺ മാത്രമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു.

Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു

“സംസ്കാര ചടങ്ങിൽ ധാരാളം പേർ പങ്കെടുത്തിരുന്നുവെങ്കിലും കൃതി സനോൺ മാത്രമാണ് എന്നെ കണ്ടത്. അവർ എന്നോട് സംസാരിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല, പക്ഷേ അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. എല്ലാവരും വന്ന് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും കൊറോണ വൈറസ് കാരണം അവർ മാറിനിൽക്കുകയായിരുന്നു. മാസ്‌ക് ധരിച്ചതിനാൽ ആരെല്ലാമാണ് അവിടെ ഉണ്ടായിരുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. കൃതി സനോൺ എന്റെ അരികിൽ ഇരിക്കുകയായിരുന്നു. പിന്നീട് ആരോ അവരെക്കുറിച്ച് പറഞ്ഞു. അത് കൃതിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് എനിക്ക് ഇപ്പോഴും ഓർമിക്കാൻ കഴിയില്ല. പക്ഷേ സുശാന്ത് സ്നേഹമുള്ള മനുഷ്യനായിരുന്നു എന്ന് എന്നോട് പറഞ്ഞ ഒരു മിടുക്കിയായ പെൺകുട്ടിയുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.”

സുശാന്തിന് വിട പറഞ്ഞുകൊണ്ടുള്ള കുടുംബത്തിന്റെ കുറിപ്പ് ഏറെ ഹൃദയഭേദകമായിരുന്നു.

“സുശാന്തിന്റെ മനോഹരമായ ചിരി ഇനി കേൾക്കാനാകില്ലെന്നും തിളങ്ങുന്ന ആ കണ്ണുകൾ ഇനി കാണാനാകില്ലെന്നും ശാസ്ത്രത്തെ കുറിച്ച് നിർത്താതെയുള്ള സുശാന്തിന്റെ വർത്തമാനങ്ങൾ കേട്ടിരിക്കാനാകില്ലെന്ന സത്യം ഇപ്പോഴും ഞങ്ങൾക്ക് അംഗീകരിക്കാനായിട്ടില്ല. അവന്റെ നഷ്ടം കുടുംബത്തിൽ ഒരിക്കലും നികത്തനാകാത്ത, ശാശ്വതമായ ഒരു ശൂന്യത സൃഷ്ടിച്ചു. തന്റെ ഓരോ ആരാധകരെയും അദ്ദേഹം ശരിക്കും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു.”

സുശാന്തിനെ കുറിച്ചും സുശാന്തുമായി അവസാനം സംസാരിച്ച കാര്യങ്ങളെ കുറിച്ചും വേദനയോടെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് കെ.കെ.സിങ്. നവോദയ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുശാന്തിനെ കുറിച്ച് സംസാരിച്ചത്.

“സുശാന്ത് അനുസരണയുള്ള കുട്ടിയായിരുന്നു. എന്റെ ഏക മകൻ, അതുകൊണ്ടു തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം എത്ര സവിശേഷമായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കും. വർഷങ്ങളുടെ പ്രാർത്ഥനകൾക്ക് ശേഷം ഞങ്ങൾക്ക് ലഭിച്ച മകനാണ് സുശാന്ത്. ഒരുപാട് ചിന്തകളും ആശയങ്ങളും നിറഞ്ഞ നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു. ജീവിതം ആഘോഷമായിരുന്നു,” അദ്ദേഹം സുശാന്തിനെ കുറിച്ച് പറഞ്ഞു.

“വളർച്ചയുടെ ഓരോ ഘട്ടത്തിലും എല്ലാ കാര്യങ്ങളും അവൻ ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്നു. പക്ഷെ താനൊരു നടനാകാൻ ശ്രമിക്കുകയാണെന്ന് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. അവൻ നൃത്തവും അഭിനയവും പഠിച്ചു. എന്നാൽ തന്റെ അഭിനയ ജീവിതത്തെ ഞങ്ങൾ പിന്തുണയ്ക്കില്ലെന്ന് അവൻ കരുതി. അവൻ തന്റെ സഹോദരിമാരെ മാത്രമേ വിശ്വസിച്ചിട്ടുള്ളൂ. അവനൊരു നടനാകാൻ ആഗ്രഹിക്കുന്നു എന്ന് ഞങ്ങൾ അറിഞ്ഞപ്പോഴേക്കും, അവൻ ഒരുപാട് മുന്നോട്ടു പോയിരുന്നു. ഞങ്ങൾക്ക് ഉറപ്പായിരുന്നു ആഗ്രഹിച്ചിടത്ത് സുശാന്ത് എത്തുമെന്ന്. അവന്റെ തീരുമാനങ്ങളെ ഞങ്ങൾ പിന്തുണച്ചു. അവൻ സ്വതന്ത്രനും ഉത്തരവാദിത്തമുള്ള വ്യക്തിയുമായിരുന്നു, അതിനാൽ ഞങ്ങൾ ഒരിക്കലും അവനെ സമ്മർദ്ദത്തിലാക്കുകയും അവന്റെ തിരഞ്ഞെടുപ്പുകളെ അവിശ്വസിക്കുകയും ചെയ്തില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: സുശാന്ത് സിങ്ങ് രാജ്‌പുതിന്റെ പൂർത്തിയാവാത്ത സിനിമയുടെ പോസ്റ്റർ പങ്കുവച്ച് നിർമ്മാതാവ്

ചെറുപ്പത്തിലേതു പോലെയായിരുന്നില്ല, സുശാന്ത് പിന്നീട് തന്നോട് ഒന്നും തുറന്നു പറയാതായെന്നും കെ.കെ.സിങ് അഭിമുഖത്തിൽ പറയുന്നു. “ചെറുപ്പത്തിൽ അവൻ എല്ലാം എന്നോട് പറയാറുണ്ടായിരുന്നു. അവൻ തുറന്ന് സംസാരിച്ചിരുന്നു. എന്നാൽ അവസാനമായപ്പോഴേക്കും അവൻ സ്വയം അടച്ചുവച്ചു. അധികമൊന്നും തുറന്നു പറഞ്ഞില്ല.”

മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകനുമായി നടത്തിയ സംഭാഷണം അദ്ദേഹം വെളിപ്പെടുത്തി, “ഞങ്ങൾ അവന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും അവയെ കുറിച്ചുള്ള പ്രതീക്ഷകളും അവൻ എന്നോട് സംസാരിച്ചു. അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണെന്ന് അവൻ പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ വിവാഹം കഴിക്കാൻ സുശാന്ത് ആഗ്രഹിച്ചില്ല. ഞങ്ങൾ അവസാനമായി സംസാരിച്ചത് ഇതാണ്. ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കേണ്ട ഒരാളായതിനാൽ, ഇഷ്ടമുള്ള ആളെ ജീവിതപങ്കാളിയാക്കാൻ ഞങ്ങൾ അവനോട് പറഞ്ഞു.”

ജൂൺ 14 നാണ് 34 കാരനായ സുശാന്ത് സിങ് രാജ്‌പുത് അന്തരിച്ചത്.

Read in English: Sushant Singh Rajput’s father: He was born after a lot of prayers, was full of life

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook