സുശാന്ത് സിങ് രജ്‌പുത്ത് ആത്മഹത്യ ചെയ്തിട്ട് ഒന്നരമാസം പിന്നിടുമ്പോഴും അതുമായി ബന്ധപ്പെട്ട ദുരൂഹതകളും വിവാദങ്ങളും ഒഴിയുന്നില്ല. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു എന്നതാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും ഒടുവിലെ വാർത്തകൾ. പാട്ന പൊലീസാണ് നടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ റിയ ചക്രവർത്തിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് സുശാന്തിന്റെ മുൻകാമുകി അങ്കിതയും സഹോദരി ശ്വേത സിങ്ങും. സത്യം ജയിക്കും എന്നാണ് അങ്കിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,’ എന്നാണ് സുശാന്തിന്റെ സഹോദരി ശ്വേത കുറിക്കുന്നത്.
സുശാന്ത് സിങ് രജ്‌പുത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പാട്ന സെൻട്രൽ സോൺ ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പട്ന പൊലീസ് അറിയിച്ചു.
നേരത്തെ സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിരുന്നു.
Read more: ചേച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാതെ സുശാന്ത് പോയി; ഹൃദയമുരുകി ശ്വേത
ഒരു യൂറോപ്യൻ ടൂറിനിടയിൽ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് റിയയുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സുശാന്തിന്റെ പിതാവ് കെകെ സിങ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പാട്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറി അടക്കമുള്ള രേഖകൾ ശേഖരിക്കുന്നതിന് ഒരു സംഘം മുംബൈയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.
Read more: നീ എവിടെയാണെങ്കിലും പുഞ്ചിരിക്കുക; സുശാന്തിന് വേണ്ടി മുൻ കാമുകി അങ്കിതയുടെ പ്രാർഥന
സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരാധകരും റിയക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണം റിയ ആണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.