അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ഫഡ്ജ് ആരാധകർക്കിടയിലും പ്രിയങ്കരനാണ്. സുശാന്തിന്റെ മരണവേളയിൽ, സുശാന്ത് പോയതറിയാതെ യജമാനനേയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ കണ്ണുനിറച്ച കാഴ്ചയായിരുന്നു. ഇപ്പോഴിതാ, കാത്തിരിപ്പ് അവസാനിപ്പിച്ച് യജമാനന് അരികിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് സുശാന്തിന്റെ പ്രിയപ്പെട്ട ഫഡ്ജ്. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് ആണ് ഫഡ്ജിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ഫഡ്ജ്, ഒടുവിൽ നീ നിന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിൽ ചേർന്നിരിക്കുന്നു’ എന്നാണ് സുശാന്തും ഫഡ്ജും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് പ്രിയങ്ക സിംഗ് കുറിച്ചത്. സുശാന്തിന്റെ ആരാധകരും ഫഡ്ജിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. “നിത്യ ശാന്തി ഫഡ്ജ്. ഒന്നും പറയാനില്ല. ഇത് ഞങ്ങൾക്കെല്ലാവർക്കും ഹൃദയം തകർക്കുന്ന വാർത്തയാണ്. പക്ഷെ ഫഡ്ജ് സുശാന്തിന്റെ യഥാർത്ഥ സുഹൃത്താണ്, എന്നേക്കും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സുഹൃത്തിന്റെ അടുത്തേക്ക് പോയി,” എന്നാണ് ആരാധകരുടെ കമന്റ്.
2020 ജൂണിൽ സുശാന്തിന്റെ മരണശേഷം, സുശാന്തിന്റെ പിതാവ് ഫഡ്ജിനെ പാറ്റ്നയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട്, സുശാന്തിന്റെ സഹോദരിപുത്രി മല്ലിക സിങ്ങിനൊപ്പമായിരുന്നു ഈ ബ്ലാക്ക് ലാബ്രഡോറിന്റെ താമസം. സുശാന്തിന്റെ മരണം നടന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം, “ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൻ പ്രതീക്ഷയോടെ നോക്കുന്നു,” എന്ന അടിക്കുറിപ്പോടെ മല്ലിക ഫഡ്ജിന്റെ ചിത്രം പങ്കുവെച്ചിരുന്നു.