ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചതിനെ തുടർന്ന്, ജൂലൈ ഒന്നിന് മുംബൈ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു. പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്(പിഎംസി) നിക്ഷേപക കൂടിയായിരുന്നു. ബാങ്ക് അഴിമതിയെ തുടർന്ന് പണം നഷ്ടപ്പെട്ട ഇവർ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയായിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇവരെ കൂടുതൽ ബാധിച്ചിരുന്നുവെന്നും തുടർന്നായിരുന്നു ആത്മഹത്യയെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.

മരിക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. “പിഎംസി അഴിമതി പുറത്തുവന്ന കാലം മുതൽ അവരുടെ മാനസികാവസ്ഥ മോശമായിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികൾ വഷളായി, പ്രത്യേകിച്ച് സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം.”

Read More: നിന്റെ തമാശകൾ കേട്ട് ചിരിക്കണം, വഴക്കടിക്കണം; സുശാന്തിന്റെ ഓർമകളിൽ സഞ്ജന

സുശാന്തിന്റെ മരണത്തിനു പിന്നാലെ മറ്റൊരു ആരാധകനും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ 12 കാരനാണ് താരത്തിന്റെ വിയോഗത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു.

സുശാന്തിനെ വളരെ അധികം ആരാധിച്ചിരുന്നുവെന്നും ഞെട്ടലോടെയാണ് സുശാന്തിന്റെ മരണ വാര്‍ത്ത ടിവിയിലൂടെ കുട്ടി കണ്ടതെന്നും ഇവര്‍ പറയുന്നു. താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബിഹാറിലെ ലോധിപൂർ ഗ്രാമത്തിൽ സുശാന്തിന്റെ ആരാധകനായ മറ്റൊരു അഞ്ചാം ക്ലാസ് വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. സുശാന്ത് മരണപ്പെട്ട വാർത്ത അറിഞ്ഞതുമുതൽ താരത്തിന് മരിക്കാൻ സാധിക്കില്ലെന്ന് കുട്ടി നിരന്തരം പറയാറുണ്ടായിരുന്നു. ആളുകൾക്ക് തൂങ്ങി മരിക്കാൻ സാധിക്കുമോ എന്ന് കുട്ടി ചോദിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പായി രാത്രിയിൽ സുശാന്ത് സിങ് അഭിനയിച്ച ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതം പറ‍ഞ്ഞ ‘എംഎസ് ധോണി: അൺടോൾഡ് സ്റ്റോറി’ എന്ന സിനിമ കണ്ടിരുന്നു. ഇതിന് പിന്നാലെ റൂമിലെത്തിയ കുട്ടി കയർ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുകയായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook