സുശാന്ത് സിങ് രജ്‌പുതിന്റെ ആത്മഹത്യ ഉണ്ടാക്കിയ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല താരത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊന്നും. സുശാന്ത് ഇനിയില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ആവാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങൾ. സുശാന്തിന് സഹോദരി ശ്വേത സിങ് കൃതി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്.
“എന്റെ കുഞ്ഞ്, ഇപ്പോൾ ഞങ്ങൾക്കരികിൽ ഇല്ല, സാരമില്ല. എനിക്കറിയാം ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയതെന്ന്. നീയൊരു പോരാളിയായിരുന്നു, ധീരതയോടെ തന്നെ നീ പോരാടുകയും ചെയ്തു. മാപ്പ്, നീ കടന്നു പോയ വേദനകൾക്കെല്ലാം, നിന്റെ വേദനകൾ എനിക്കേറ്റെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അതെല്ലാം ഏറ്റെടുത്ത് എന്റെ എല്ലാ സന്തോഷങ്ങളും ഞാൻ നിനക്ക് തരുമായിരുന്നു.”
Read more: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി
“നിന്റെ തിളങ്ങുന്ന കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു, നിഷ്കളങ്കമായ നിന്റെ ചിരി ഹൃദയത്തിന്റെ പരിശുദ്ധി തെളിയിക്കുന്നതായിരുന്നു. എന്റെ കുഞ്ഞേ, നീയെപ്പോഴും സ്നേഹിക്കപ്പെടും. എവിടെയായിരുന്നാലും നീ സന്തോഷവാനായിരിക്കുക. എല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു, നിരുപാധികമായി എന്നും സ്നേഹിക്കുകയും ചെയ്യും.”

“എന്റെ പ്രിയപ്പെട്ടവരെ, ഇതൊരു പരീക്ഷണസമയമാണെന്ന് എനിക്കറിയാം. തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടാകുമ്പോൾ, വെറുപ്പിനു മുകളിൽ സ്നേഹത്തെ തിരഞ്ഞെടുക്കൂ. ദേഷ്യത്തിനു മുകളിൽ ദയയും അനുകമ്പയും തിരഞ്ഞെടുക്കൂ, സ്വാർത്ഥയ്ക്ക് പകരം നിസ്വാർത്ഥത തിരഞ്ഞെടുത്ത് ക്ഷമിക്കുക. നിങ്ങളോടും മറ്റുള്ളവരോടും എല്ലാവരോടും പൊറുക്കാൻ ശീലിക്കൂ. എല്ലാവരും അവരവരുടെ യുദ്ധത്തിലാണ്, മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കൂ. ഹൃദയം അടച്ചു വെയ്ക്കാതിരിക്കൂ,” ശ്വേത കുറിക്കുന്നു.
ജൂൺ 14നാണ് സുശാന്ത് സിങ് രജ്‌പുത് ആത്മഹത്യ ചെയ്യുന്നത്. വിഷാദമാണ് താരത്തെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പറയപ്പെടുമ്പോഴും സുശാന്തിന്റെ പിതാവിനോ സഹോദരിമാർക്കോ താരത്തിന്റെ വിഷാദരോഗത്തെ കുറിച്ചോ അതിനു പിന്നിലെ കാരണങ്ങളെ കുറിച്ചോ അറിയില്ലായിരുന്നു.
Read more: ആ ചിത്രങ്ങൾ പൂർത്തിയാക്കും മുൻപ് സുശാന്ത് വിട പറഞ്ഞു