ഒരു നടുക്കത്തോടെയാണ് കഴിഞ്ഞ ജൂൺ 14-ാം തീയതി ലോകം ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ വിയോഗവാർത്ത കേട്ടത്. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്.
കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തി. അന്വേഷണം മുന്നോട്ടു പോവുന്തോറും ഏറെ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്നുകേസുമെല്ലാം വലിയ വാർത്തകളായി. സുശാന്ത് വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ആ കേസ് എങ്ങുമെത്താതെ ദുരൂഹതകൾ അവശേഷിപ്പിക്കുകയാണ്.
സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
Read more: ക്യാമറയ്ക്ക് മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വീഡിയോ പങ്കുവച്ച് ഏക്ത കപൂർ
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.
ഏറ്റവും പേടി എന്തിനെയെന്ന ചോദ്യത്തിന്, മരണത്തെയാണ് ഏറ്റവും ഭയക്കുന്നത് എന്നാണ് ഒരിക്കൽ സുശാന്ത് മറുപടി നൽകിയത്. അതുകൊണ്ടുതന്നെ, മരണത്തെ ഇത്രയും ഭയന്നിരുന്ന ഒരാൾ ആത്മഹത്യ ചെയ്തു എന്നത് സുശാന്തിനെ സ്നേഹിച്ച പ്രേക്ഷകർക്കും അടുത്തറിയുന്നവർക്കുമെല്ലാം ഇപ്പോഴും അവിശ്വസനീയമായ കാര്യമാണ്.
Read more:ഇത് ശരിയല്ല സുശാന്ത്, വീണ്ടും നീയെന്റെ ഹൃദയം തകർത്തു; പ്രിയ സുഹൃത്ത് കൃതി സനോൺ