സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യിലെ ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ നെഞ്ചിലേറ്റുന്നത്. “സുശാന്ത്, ആരു പറഞ്ഞു നിങ്ങൾ മരിച്ചെന്ന്, നിങ്ങൾ ഈ പാട്ടിലും ജീവിക്കുകയാണല്ലോ?” എന്നാണ് സുശാന്തിന്റെ ആരാധകർ കുറിക്കുന്നത്.
സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുകയാണ്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.
സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.
മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറുും റെക്കോർഡ് വ്യൂസും ലൈക്കും കരസ്ഥമാക്കിയിരുന്നു. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്താണ് ‘ദിൽ ബെച്ചാര’ ട്രെയിലർ. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ’യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്. ‘അവഞ്ചേഴ്സി’ന്റെ യൂട്യൂബ് ട്രെൻഡിംഗിലെ റെക്കോർഡാണ് ‘ദിൽ ബെച്ചാര’ തകർത്തിരിക്കുന്നത്.
Read more: നിന്റെ തമാശകൾ കേട്ട് ചിരിക്കണം, വഴക്കടിക്കണം; സുശാന്തിന്റെ ഓർമകളിൽ സഞ്ജന