ബോളിവുഡ് യുവനടന്മാരിൽ ഏറെ പ്രതീക്ഷ പകർന്നിരുന്ന സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തു എന്ന വാർത്ത പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താരത്തിന്റെ മരണം ആത്മഹത്യയാണ് എന്ന് കരുതപ്പെടുന്നു. മരണവുമായി ബന്ധപ്പെട്ടു മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Here: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയില്‍
താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.
“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. 2002ൽ, സുശാന്തിന് 16 വയസുള്ളപ്പോഴാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.
Read Here: സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് രജ്പുത് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
Read more: ധോണിയെ പോലെ ‘കൂൾ’; സുശാന്ത് സിങ്ങിലേക്ക് നീരജ് പാണ്ഡെ എത്തിയത്