നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം ബോളിവുഡിനെ ഒന്നാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് സ്വജനപക്ഷപാതമാണ് എന്നും അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Read More: ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിയ

സുശാന്തിന് പിതാവ് കെ.കെ സിങ്ങിന്റെ പരാതിയിൽ സുശാന്തിന്റെ കൂട്ടുകാരി റിയയ്‌ക്കെതിരെ ബിഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ഇടപെടുകയും ചെയ്തിരുന്നു. സുശാന്തിന് വിഷാദരോഗം ഇല്ലെന്നും, റിയയുമായുള്ള ബന്ധത്തിൽ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെ രംഗത്തെത്തിയിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിൽ റിയയ്‌ക്കെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ തെറാപ്പിസ്റ്റ് സൂസൻ വാക്കർ. സുശാന്ത് വിഷാദരോഗത്തിനും ബൈപോളാർ ഡിസോർഡറിനും ചികിത്സയിലായിരുന്നു എന്നാണ് ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ സൂസന്റെ വെളിപ്പെടുത്തൽ. മറ്റൊരു ദുരന്തം ഒഴിവാക്കാനാണ് തന്റെ ഈ തുറന്ന് പറച്ചിൽ എന്നും അവർ കൂട്ടിച്ചേർത്തു.

സുശാന്തിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, ചികിത്സ തേടാൻ സുശാന്തിനെ സഹായിച്ചത് റിയയാണെന്നും സൂസൻ പറയുന്നു. ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്. സുശാന്തിന് ശക്തമായ പിന്തുണയും ധൈര്യവും റിയ നൽകിയിരുന്നു എന്നും സൂസൻ പറഞ്ഞു.

താനുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി റിയ രംഗത്തെത്തിയിരുന്നു. “സത്യം വിജയിക്കും” എന്ന് റിയ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

“എനിക്ക് ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും അതിയായ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അഭിഭാഷകൻ വഴി പുറത്തിറക്കിയ വീഡിയോയിൽ റിയ പറഞ്ഞു.

“ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ച് ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എങ്കിലും എന്റെ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കുന്നു. സത്യമേവ ജയതേ. സത്യം ജയിക്കും,” റിയ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook