scorecardresearch

സുശാന്ത് സിങ് രാജ്‌പുതിന് വിട നൽകി ബോളിവുഡ്

മകന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായി സുശാന്ത് സിങ് രജ്‌പുതിന്റെ പിതാവ് പാറ്റ്നയിൽ നിന്നും ഇന്ന് ഉച്ചയോടെ മുംബൈയിലെത്തി

സുശാന്ത് സിങ് രാജ്‌പുതിന് വിട നൽകി ബോളിവുഡ്

സുശാന്ത് സിങ് രാജ്‌പുതിന് വിട നൽകി സിനിമാലോകം. മുംബൈ പവൻ ഹാൻസ് ക്രിമറ്റോറിയത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സിനിമാരംഗത്തെ ഏതാനും പ്രമുഖരും ടെലിവിഷൻ രംഗത്തെ ഏതാനും പേരും സുശാന്തിന് അത്യാഞ്ജലി അർപ്പിക്കാനെത്തി. സുശാന്തിന്റെ ആത്മസുഹൃത്തുക്കളായ മുകേഷ് ചബ്ര (കാസ്റ്റിങ് ഡയറക്ടർ), കൃതി സനോൻ, അഭിനേതാക്കളായ ശ്രദ്ധ കപൂർ, റിയ ചക്രബർത്തി, വിവേക് ഒബ്റോയ്, സംവിധായകൻ അഭിഷേക് കപൂർ എന്നിവർ പ്രിയ നടന് വിട നൽകാനെത്തി.

മകന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായി സുശാന്ത് സിങ് രജ്‌പുതിന്റെ പിതാവ് പാറ്റ്നയിൽ നിന്നും ഇന്ന് ഉച്ചയോടെ മുംബൈയിലെത്തി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സുശാന്തിന്റെ കുടുംബത്തിൽ നിന്നും പരിമിതമായ അംഗങ്ങൾക്കു മാത്രമേ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നുളളൂ.

ഇന്നലെ രാവിലെ പത്തിനും ഉച്ചയ്‌ക്ക് ഒന്നിനും ഇടയിലാണ് സുശാന്തിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. സുശാന്തിന്റെ ബെഡ് റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുംബെെ പൊലീസ് വ്യക്തമാക്കി. മാർച്ചിൽ സമ്പൂർണ അടച്ചുപൂട്ടൽ ആരംഭിച്ചതു മുതൽ സുശാന്ത് തന്റെ മുംബെെയിലുള്ള അപാർട്‌മെന്റിലാണ് താമസം. രണ്ട് പാചകക്കാർ, വീട്ടുജോലിക്കാരൻ, മാനേജർ തുടങ്ങി നാല് പേർ സുശാന്തിനൊപ്പം ഉണ്ടായിരുന്നു.

പാചകക്കാരൻ പറഞ്ഞ കാര്യങ്ങളിൽ നിന്നു തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ മുംബെെ പൊലീസ് വെളിപ്പെടുത്തി. പൊലീസ് പറയുന്നത് ഇങ്ങനെ: “രാവിലെ പത്ത് മണിയോടെ ഉറക്കമെഴുന്നേറ്റ സുശാന്തിനു താൻ ഒരു ജ്യൂസ് നൽകിയതായി പാചകക്കാരൻ പറയുന്നു. അതിനുശേഷം അദ്ദേഹം ബെഡ്‌റൂമിലേക്ക് പോയി വാതിൽ അടച്ചു. പ്രാതലിനു എന്ത് വേണമെന്ന് ചോദിക്കാൻ പാചകക്കാരൻ സുശാന്തിന്റെ ബെഡ് റൂമിന്റെ വാതിലിൽ മുട്ടിനോക്കി. ഏറെ സമയമായിട്ടും വാതിൽ തുറന്ന് സുശാന്ത് പുറത്തുവന്നില്ല. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൂടി വിളിച്ച് വാതിലിൽ മുട്ടാൻ തുടങ്ങി. രണ്ട് മണിക്കൂറോളം കാത്തു. പിന്നീട്, അസ്വാഭാവികത തോന്നിയപ്പോൾ ഇക്കാര്യം സുശാന്തിന്റെ സഹോദരിയെ അറിയിച്ചു. സുശാന്തിന്റെ അപാർട്ട്‌മെന്റിലേക്ക് സഹോദരി എത്തും മുൻപ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട്ടുജോലിക്കാർ വാതിൽ തുറന്നു. അപ്പോഴാണ് സുശാന്തിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.”

Sushant Death Suicide

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്‌പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.

Read more: ആരാധകന്റെ പേരിൽ അന്ന് സുശാന്ത് കേരളത്തിന് നൽകിയത് ഒരു കോടി രൂപ

ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്ളിക്സ് ചിത്രമായ ‘ഡ്രൈവി’ൽ ആണ് ഏറ്റവും ഒടുവിൽ സുശാന്ത് അഭിനയിച്ചത്.

Read more: അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് നാടകം കളിക്കുന്നുവോ? കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷവിമർശനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushant singh rajput cremation pawan hans crematorium