സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് ആരാധകർ ആ ചിത്രം ഏറ്റെടുക്കുന്നത്. എന്നാൽ ഇത്തവണ ഒരു താരത്തിന്റെ കൗമാരകാല ചിത്രം സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത് ഏറെ വേദനയോടെയാണ്. അന്തരിച്ച പ്രമുഖ താരം സുശാന്ത് സിങ് രാജ്പുതിന്റെ ചിത്രമാണ് ആരാധകർ ഷെയർ ചെയ്യുന്നത്.

Read More: നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം; സുശാന്ത് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് സഞ്ജന

ചിത്രത്തിന് താഴെ എല്ലാവരും ഒരേ സ്വരത്തോടെ പറയുന്നൂ, തിരിച്ചു വരൂ എന്ന്. അദ്ദേഹം മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സുശാന്തിന്റെ വിയോഗം നൽകിയ ആഘാതത്തിൽ നിന്ന് ആരാധകരും കുടുംബവും സുഹൃത്തുക്കളുമൊന്നും ഇനിയും കരകയറിയിട്ടില്ല.

ജൂൺ 14നാണ് സുശാന്തിന് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ബോളിവുഡ് ചലച്ചിത്ര താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

‘കൈ പോ ചെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook