ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്തു. സുശാന്തിന്റെ ഫ്ലാറ്റിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സിദ്ധാർത്ഥ് പിത്താനിയെ തുടർച്ചയായ ഏഴാം ദിവസവും ചോദ്യം ചെയ്യലിനായി വിളിച്ചു.

ഇതിനിടയിലും റിയ ചക്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ പിതാവ് കേസ് കൊടുത്തതാണ് തുടക്കം. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ റിയ ചക്രവർത്തി മൗനം വെടിയുകയാണ്. സുശാന്തിന് അദ്ദേഹത്തിന്റെ പിതാവുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന് റിയ പറയുന്നു. ഇൻഡ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തൽ.

Read More: ജീവന് ഭീഷണി; വീടിന് പുറത്തു നിന്നുള്ള ദൃശ്യങ്ങൾ​ പങ്കുവച്ച് റിയ ചക്രവർത്തി

“സുശാന്തിന്റെ കുടുംബവും സഹോദരിമാരും അദ്ദേഹത്തിന്റെ മാനസികാരോഗ്യ ചികിത്സയിൽ പങ്കാളികളാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ അവർക്ക് ഒരു ദിവസത്തിൽ കൂടുതൽ പരസ്പരം താങ്ങായി നിൽക്കാൻ കഴിഞ്ഞില്ല. സുശാന്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് അച്ഛനുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ല. സുശാന്തിന്റെ കുട്ടിക്കാലത്ത് പിതാവ് അവനെയും അമ്മയെയും ഉപേക്ഷിച്ചിരുന്നു. 2019ലാണ് ഞാൻ സുശാന്തിനെ കണ്ടുമുട്ടിയത്. തുടർന്ന് അഞ്ച് വർഷമായി സുശാന്ത് പിതാവിനെ കണ്ടിട്ടില്ല.”

സുശാന്തിന്റെ ജോലിക്കാരെയൊന്നും നിയമിച്ചത് താൻ അല്ലെന്നും റിയ ചക്രവർത്തി പറയുന്നു.

“ഇത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ഞാൻ ഒന്നും ചെയ്തില്ല. എന്നെ അറിയുന്നതിനുമുമ്പ് അദ്ദേഹത്തിന് സിദ്ധാർത്ഥ് പിത്താനിയെ അറിയാമായിരുന്നു, ഞാൻ വരുന്നതിനുമുമ്പ് തന്നെ സിദ്ധാർഥ് അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു. സാമുവൽ മിറാൻഡയെ സഹോദരി പ്രിയങ്കയാണ് നിയമിച്ചത്. കേശവും നീരജും ദീപേഷുമെല്ലാം എനിക്കു മുൻപ് തന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വാസ്തവത്തിൽ സുശാന്താണ് എന്നെ അവർക്ക് പരിചയപ്പെടുത്തിയത്. ഞാനല്ല അവരെ ജോലിക്കെടുത്തത്,” റിയ പറഞ്ഞു.

ഒരുപാട് സ്വപ്നങ്ങളോടെയാണ് താൻ ബോളിവുഡ് ലോകത്തേക്ക് വന്നതെന്നും എന്നാൽ ആ സ്വപ്നങ്ങളെല്ലാം തകർന്നു പോയെന്നും റിയ പറയുന്നു.

“എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു പോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കാറില്ല. സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയാറില്ല. ലോകത്തോട് സത്യം വിളിച്ചു പറയാൻ സുശാന്ത് ഇപ്പോൾ നമുക്കൊപ്പമില്ല. പക്ഷെ ഞാൻ പോരാടും. തോറ്റുകൊടുക്കാൻ എനിക്കാകില്ല,” അഭിമുഖത്തിൽ റിയ പറയുന്നു.

തനിക്കൊരു കുഞ്ഞ് സുശാന്തിനെ വേണമായിരുന്നു എന്നും അഭിമുഖത്തിൽ വേദനയോടെ റിയ പറയുന്നു.

“ഞങ്ങൾ വിവാഹത്തെ കുറിച്ചൊന്നും അധികം സംസാരിച്ചിരുന്നില്ല. പക്ഷെ ജീവിതകാലം ഒരുമിച്ചുണ്ടായിരിക്കണം എന്നു തന്നെയായിരുന്നു ആഗ്രഹം. എനിക്കൊരു കുഞ്ഞുസുശാന്തിനെ വേണമായിരുന്നു. കാണാൻ അവനെ പോലെ തന്നെയുള്ള ഒരു കുഞ്ഞിനെ,” റിയ പറയുന്നു.

സുശാന്ത് വിഷാദാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ എല്ലാം ഉപേക്ഷിച്ച് താൻ അദ്ദേഹത്തോടൊപ്പം നിന്നെന്നും, എന്നാൽ അതേ അവസ്ഥയിലൂടെ താൻ കടന്നു പോയപ്പോൾ സുശാന്ത് തനിക്കൊപ്പം നിന്നില്ലെന്നും റിയ പറയുന്നു.

Read in English: Sushant Singh Rajput case: Rhea claims Sushant didn’t have cordial relations with his father

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook