ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സുശാന്ത് സിങ്ങിന്റെ വിഷാദത്തിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുന്ന പൊലീസ് പ്രൊഫഷണൽ വൈരാഗ്യത്തിനുള്ള സാധ്യതകളെ കുറിച്ചും അന്വേഷിക്കുകയാണ്.
സഞ്ജയ് ലീലാ ബൻസാലി തന്റെ ചില സിനിമകളിൽ സുശാന്തിന് കഥാപാത്രങ്ങളെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മറ്റൊരു വലിയ പ്രൊഡക്ഷൻ ഹൗസുമായി സുശാന്ത് കരാർ ഒപ്പിട്ടിരുന്നതിനാലും ഡേറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിനാലും ആ പ്രൊജക്റ്റുകൾ നടന്നിരുന്നില്ല. ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് സുശാന്ത് കടന്നുപോയതെന്നും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാമാണെന്നുമാണ് പൊലീസ് ഇപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
ജൂൺ 14നാണ് മുപ്പത്തിനാലുകാരനായ സുശാന്തിനെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 29 പേരുടെ മൊഴി പൊലീസ് എടുത്തിരുന്നു. സുശാന്തിന്റെ കുടുംബാംഗങ്ങൾ, റിയ ചക്രബർത്തി, കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ചമ്പ്ര, യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ തുടങ്ങി സുശാന്തിന്റെ അടുത്ത സുഹൃത്തുകൾ, സുശാന്തിന്റെ ഏറ്റവും ഒടുവിലെ ചിത്രത്തിൽ നായികയായിരുന്ന നടി സഞ്ജന സംഘി തുടങ്ങിയവരുടെ മൊഴിയും എടുത്തിരുന്നു.
ടെലിവിഷൻ പരിപാടികളിലൂടെ അഭിനയം ആരംഭിച്ച സുശാന്ത് ശുദ്ധ ദേശി റൊമാൻസ്, റാബ്ത, ചിചോർ, കേദാർനാഥ്, സോഞ്ചിരിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ‘എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ബയോപിക് ചിത്രത്തിൽ ജനപ്രിയ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ അവതരിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു.
Read more: ഓരോ ദിവസവും നിന്നെയോർത്താണ് എണീക്കുന്നത്; സുശാന്തിന്റെ ഓർമകളിൽ ഭൂമിക ചാവ്‌ല