ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയും സാധിച്ചിട്ടില്ല. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ചും മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെയെ കുറിച്ചും നിരവധി വാർത്തകളും പഴയകാല വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സോണി ടിവിയുടെ റിയാലിറ്റി ഷോയിൽ വച്ച് സുശാന്ത് അങ്കിതയോട് പ്രണയം പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Read More: സുശാന്തുമായി വീണ്ടും ഒന്നിക്കുമോ? ചിരിച്ചു കൊണ്ട് അങ്കിത നൽകിയ മറുപടി
പ്രിയങ്ക ചോപ്രയും മാധുരി ദീക്ഷിത്തുമെല്ലാം ജഡ്ജ് ആയ പരിപാടിയിൽ അവതാരക സുശാന്തിനോട് ആവശ്യപ്പെടുന്നുണ്ട് അങ്കിതയോട് പറയാനുള്ളത് പറഞ്ഞോളൂ എന്ന്. അങ്ങനെ അങ്കിതയെ സ്റ്റേജിലേക്ക് വിളിക്കുന്നു. അവിടെ വച്ച് സുശാന്ത് അങ്കിതയോട് പറയുന്നതിങ്ങനെ,
“നീ ഒരുപാട് സുന്ദരിയാണ്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ഏഴ് ജന്മങ്ങളിൽ പറയാൻ കഴിയാതെ പോയത്, അടുത്ത ഏഴ് നിമിഷങ്ങളിൽ ഞാൻ പറയാൻ പോകുകയാണ്. അടുത്ത ഏഴ് ജന്മങ്ങളിലും നിനക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് പറഞ്ഞുകൊണ്ട് സ്റ്റേജിൽ മുട്ടുകുത്തി നിന്ന് സുശാന്ത് അങ്കിതയുടെ കൈയിൽ ചുംബിക്കുന്നു.
സന്തോഷംകൊണ്ട് അങ്കിതയുടെ ചുണ്ടിൽ ചിരിയും കണ്ണുകൾ നിറയുകയും ചെയ്യുന്നുണ്ട്.
ഇത് കണ്ട് പ്രിയങ്ക ചോപ്ര ചോദിക്കുന്നു, “അങ്കിതയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയ ടെലിവിഷൻ ചാനലിലൂടെ നിങ്ങൾ വെളിപ്പെടുത്തുന്നു. അത് സത്യമാണോ?” അതെയെന്ന് സുശാന്ത് പറയുമ്പോൾ എല്ലാവരും കൈയടിക്കുന്നു. ഇനി ഞങ്ങൾക്ക് അങ്കിതയുടെ മറുപടി കേൾക്കണം എന്നു പറയുമ്പോൾ “ഐ ലവ് യൂ ഗുഗ്ഗു,” എന്ന് അങ്കിത മറുപടി പറയുന്നു.
എന്നാൽ അത് പോര, സുശാന്ത് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് തങ്ങൾക്ക് കേൾക്കേണ്ടത് എന്ന് പാനലിലുള്ളവർ പറയുമ്പോൾ “എനിക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണ്” എന്ന് അങ്കിത പറയുന്നു.
Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു
2011 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം 2016ൽ സുശാന്തും അങ്കിതയും പിരിഞ്ഞു. പിന്നീടൊരിക്കൽ അങ്കിതയുടെ ട്വീറ്റിന് സുശാന്ത് കമന്റ് ചെയ്യുകയും അങ്കിത മറുപടി നൽകുകയും ചെയ്തപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഒരു അഭിമുഖത്തിൽ അങ്കിത അത് നിഷേധിച്ചു. ഒന്നിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അങ്കിത തുറന്നു പറഞ്ഞു.
“അതൊരിക്കലും ഒരു കൂടിച്ചേരലല്ല. അദ്ദേഹം എന്റെ ട്വീറ്റിന് കമന്റ് ചെയ്തപ്പോൾ ഞാൻ മറുപടി നൽകി. അദ്ദേഹത്തിന്റെ ആ മെസേജിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അതിനെ വളരെ പോസിറ്റീവ് ആയി കാണുന്നു. രണ്ടു പേർ ഒരുപക്ഷെ ഒന്നിച്ചായിരിക്കില്ല, പക്ഷെ പരസ്പരം മാന്യമായി പെരുമാറാനാകും. ആ കമന്റിന് ഏതൊരു സാധാരണ വ്യക്തിയേയും പോലെ ഞാൻ മറുപടി നൽകി. ആളുകൾ പറയുന്നതിന് ഞാൻ എന്ത് വിശദീകരണം നൽകാനാണ്. അദ്ദേഹം എനിക്ക് ട്വിറ്ററിലോ ഇൻസ്റ്റയിലോ കമന്റ് ചെയ്താൽ സ്വാഭാവികമായും ഞാൻ മറുപടി നൽകും. അല്ലാതെ ഫോൺ വഴിയുള്ള ബന്ധമൊന്നും ഇല്ല. ഞങ്ങൾക്കിടയിൽ അങ്ങനെ സംസാരിക്കാൻ തക്ക യാതൊന്നും ഇല്ല. ചിലർക്ക് പിരിഞ്ഞതിന് ശേഷവും നല്ല സുഹൃത്തുക്കളാകാൻ സാധിക്കുമായിരിക്കും. മറ്റ് ചിലർക്ക് സാധിക്കില്ല. അത് ആ ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ദീപികയും രൺബീറും എറ്റവും നല്ല ഉദാഹരണമാണ്. അവർ പ്രണയിച്ചിരുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ഇപ്പോൾ അവർ നല്ല സുഹൃത്തുക്കളാണ്.”