പൊങ്കല്‍ റിലീസുകളായി തിയേറ്ററില്‍ എത്തിയ രണ്ടു ചിത്രങ്ങള്‍ മലയാളികള്‍ക്കു കൂടി പ്രിയപ്പെട്ട താരങ്ങളായ സൂര്യയുടേയും നയന്‍താരയുടേയുമാണ്. സൂര്യയുടെ താനാ സേര്‍ന്ത കൂട്ടവും നയന്‍സിന്റെ ജയ് സിംഹയും മികച്ച അഭിപ്രായങ്ങളുമായാണ് മുന്നേറുന്നത്.

Surya

സൂര്യയെ നായകനാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം താനാ സേര്‍ന്ത കൂട്ടം റിലീസിനു മുമ്പു തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. നിരവധി അഭിമുഖങ്ങളില്‍ സൂര്യ തന്നെ പറഞ്ഞതു പോലെ ഒരു പക്ക എന്റര്‍ടെയ്‌നറാണ് ചിത്രം. വലിയ ആക്ഷന്‍ സീനുകളോ അമാനുഷിക നായക രംഗങ്ങളോ ഇല്ലാത്ത ചിത്രം.

തമിഴ് സിനിമയില്‍ സ്റ്റാര്‍ഡത്തിന് ഉടമയാകാന്‍ വേണ്ട തരത്തിലുള്ള ആക്ഷനുകളൊന്നുമില്ലാതെ തനിക്ക് കോമഡിയും അനായാസമായി വഴങ്ങുമെന്ന് സൂര്യ തെളിയിച്ചുവെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഫെസ്റ്റിവലിന് സൂര്യ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സിങ്കം 3 ന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം. ‘നാനും റൌഡി താന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താനാ സേര്‍ന്താ കൂട്ടം’. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, കാര്‍ത്തിക് എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താര നിര തന്നെയുണ്ട്. അനിരുദ്ധ് ഈണം നല്‍കിയ ഇതിലെ ഗാനങ്ങള്‍ എല്ലാം ഇതിനോടകം തന്നെ സൂപ്പര്‍ ഹിറ്റ് ആണ്. 2 മണിക്കൂര്‍ 18 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. വലിയ പ്രതീക്ഷകളില്ലാതെ തിയേറ്ററില്‍ പോയാല്‍ ഇരുന്നു ചിരിച്ച് ആസ്വദിക്കാവുന്ന ചിത്രം.

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് സംഹ. നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ നരസിംഹ എന്ന കഥാപാത്രത്തെയാണ് ബാലകൃഷ്ണ അവതരിപ്പിക്കുന്നത്. ഗൗരിയായി നയന്‍താരയും എത്തുന്നു. ജയ സിംഹയിലെ ഗാനങ്ങളെല്ലാം നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ആരാധകര്‍ സ്‌നേഹത്തോടെ ബാലകൃഷ്ണയെ ബാലയ്യ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആവേശത്തോടെ കാത്തിരിക്കുന്നവരാണ് തെലുങ്ക് സിനിമാ പ്രേക്ഷകര്‍. സിനിമയെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. എക്കാലത്തും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധ ചെലുത്തുന്നയാളാണ് നയന്‍സ്. നായകന്റെ നിഴലാകുന്ന കഥാപാത്രങ്ങളോട് ‘നോ’ പറയാന്‍ നയന്‍സ് അധികം ചിന്തിക്കാറില്ല. ചിത്രത്തിനു സോഷ്യല്‍ മീഡിയയിലൂടെ വന്‍ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ