മലയാളികളുടെ സ്നേഹക്കാറ്റ് ചെന്നൈയിൽ വരെ വീശിയടിക്കുകയാണെന്ന് സൂര്യ. ഇവിടെനിന്നും ലഭിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാനാവില്ല. മലയാളികൾ വലിയ പിന്തുണയാണ് നൽകുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘താനാ സേർന്ത കൂട്ടത്തി’ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും സൂര്യ വാചാലനായത്.

”സംവിധായകൻ ഹരിയാണ്, വിഘ്നേശ് ശിവൻ എന്നെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞത്. ഹരി അപ്പോൾ തന്നെ പറഞ്ഞു വിഘ്നേശിന്റെ സിനിമ നീ ഉറപ്പായും ചെയ്യണമെന്ന്. കഥ കേൾക്കാതെ എങ്ങനെയാ അഭിനയിക്കുകയെന്ന് ഞാൻ തിരിച്ചു ചോദിച്ചു. പക്ഷേ ഹരി അപ്പോഴും ഉറപ്പിച്ചു പറഞ്ഞു, കഥ കേട്ടില്ലെങ്കിലും നീ ഈ സിനിമ ചെയ്യണമെന്ന്. എന്റെ അനിയൻ കാർത്തിയും ഇതുതന്നെയാണ് പറഞ്ഞത്. സംവിധാനം വിഘ്നേശും സംഗീതം അനിരുദ്ധും ആണെങ്കിൽ സിനിമ സൂപ്പർ ആയിരിക്കുമെന്നും ഞാനിത് ചെയ്യണമെന്നും പറഞ്ഞു. ഞാൻ കഥ കേട്ടിട്ടില്ലെന്നും കേട്ടതിനുശേഷം അഭിനയിക്കാമെന്നും അവനോട് ഞാൻ പറഞ്ഞു.”

”വിഘ്നേശ് കഥ പറഞ്ഞപ്പോൾതന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഒരുപാട് നാളുകളായി ‘താനാ സേർന്ത കൂട്ടം’ സിനിമയിലെ പോലെ ഒരു കഥാപാത്രം ചെയ്തിട്ട്. ഇതിൽ ഒരു ലോക്കൽ ചായക്കടയിൽ ഇരുന്ന് ചായ കഴിക്കുന്ന രംഗമുണ്ട്. അങ്ങനെയുളള ഒരു സീൻ ചെയ്തിട്ട് ഒരുപാട് കാലമായി. ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തെ രക്ഷിക്കുന്നതും മറ്റൊരു രാജ്യത്തിൽനിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതുമായ അമാനുഷിക കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ‘താനാ സേർന്ത കൂട്ടം’ ഒരു നോർമൽ ചിത്രമാണ്. ഇതിൽ അമാനുഷികമായി ഒന്നുമില്ല. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന സിനിമയാണിത്. ഇതിൽ മദ്യം കഴിക്കുന്നതോ സിഗരറ്റ് വലിക്കുന്നതോ ആയ ഒരു രംഗം പോലും ഇല്ല. അതിന് സെൻസർ ബോർഡ് തന്നെ വിഘ്നേശ് ശിവനെ അഭിനന്ദിച്ചിരുന്നു. ഇതൊരു പുതിയ കഥയാണ്, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമയായിരിക്കും, എന്നൊന്നും ഞാൻ പറയില്ല. പക്ഷേ ഇതൊരു ഫുൾ എന്റർടെയിൻമെന്റ് സിനിമയായിരിക്കും,” സൂര്യ പറഞ്ഞു.

”വിഘ്നേശിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ആദ്യം എനിക്ക് കംഫർട്ടബിൾ ആയി തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തമാണ്. ചിലപ്പോൾ സ്ക്രീൻ പേപ്പർ തരില്ല. അതില്ലാതെ എങ്ങനെ അഭിനയിക്കുമെന്ന് ഞാൻ വിഘ്നേശിനോട് ചോദിച്ചു. ഞാൻ പറഞ്ഞു തരാം, അതുപോലെ ചെയ്താൽ മതിയെന്നായിരുന്നു വിഘ്നേശിന്റെ മറുപടി. ഇങ്ങനെ പല കാര്യങ്ങളിൽ മറ്റു സംവിധായകരിൽനിന്നും വ്യത്യസ്തനാണ് വിഘ്നേശ്.”

കീർത്തി സുരേഷിനൊപ്പം ആദ്യമായി ഒന്നിച്ചതിന്റെ അനുഭവത്തെക്കുറിച്ചും സൂര്യ പങ്കുവച്ചു. ”കീർത്തി സുരേഷ് മികച്ച നടിയാണ്. മുന്ന്-നാല്  വർഷത്തിനിടയിൽ വിവിധ ഭാഷകളിലായി പത്തിലധികം സിനിമ ചെയ്യുന്നത് വലിയ കാര്യമാണ്. അതിന് കീർത്തിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. കീർത്തിക്ക് അഞ്ചു  വയസ്സുളളപ്പോഴാണ് എന്റെ ഗജിനി സിനിമ കാണുന്നതെന്നും അപ്പോൾ എന്റെ കൂടെ അഭിനയിക്കുമെന്ന് വെല്ലുവിളിച്ചതായും ഈ സിനിമയുടെ പ്രൊമോഷൻ സമയത്ത് പറഞ്ഞതായി ഞാൻ കേട്ടു.എനിക്കത് സത്യമാണോയെന്ന് അറിയില്ലെന്നായിരുന്നു,” ചിരിച്ചുകൊണ്ട് സൂര്യ പറഞ്ഞത്.

മലയാള സിനിമയിൽ സൂര്യയെ കാണാനാകുമോ എന്നു ചോദിച്ചപ്പോൾ മലയാളം സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നായിരുന്നു സൂര്യയുടെ മറുപടി. ”പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഭാഷ വലിയൊരു പ്രശ്നമാണ്. ഏതു ഭാഷ ആയാലും അത് നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് നല്ലവണ്ണം അഭിനയിക്കാൻ കഴിയില്ല. തമിഴ് വിട്ട് മറ്റു ഭാഷകളിലേക്ക് പോകാത്തതിന്റെ വലിയൊരു കാരണവും ഇതാണ്. ഭാവിയിൽ മലയാളത്തിൽ നല്ല റോളുകൾ വന്നാൽ ഒരുപക്ഷേ ചെയ്തേക്കും.”

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ചും സൂര്യ വ്യക്തമാക്കി. ”രാഷ്ട്രീയത്തിൽ വരാൻ ഉദ്ദേശിച്ചിട്ടില്ല. ‘അഗരം’ എന്നൊരു എൻജിഒ എന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ഞാൻ ചെയ്യുന്നതെങ്കിൽ അത് ‘അഗരം’ വഴിയായിരിക്കും, മറിച്ച് രാഷ്ട്രീയത്തിലൂടെ ആകില്ല. രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലേക്ക് വരുന്നത് എല്ലാം മനസ്സിലാക്കിയിട്ടാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രണ്ടുപേർക്കും അറിയാം. ഇരുവരുടെയും രാഷ്ട്രീയ കാഴ്ചപ്പാട് വ്യത്യസ്തമാണ്. പക്ഷേ ഇരുവർക്കും ഒട്ടേറെ അനുഭവ സമ്പത്തുണ്ട്. ഒരു എക്സൈറ്റ്മെന്റിന്റെ പുറത്തല്ല അവർ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എല്ലാം പഠിച്ച് മനസ്സിലാക്കിയിട്ടാണ്. അവർ രണ്ടുപേരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.”

സൂര്യയെ നായകനാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് താനാ സേർന്ത കൂട്ടം. കീർത്തി സുരേഷാണ് നായിക. കാർത്തിക്, രമ്യ കൃഷ്ണൻ, സെന്തിൽ, സുരേഷ് ചന്ദ്ര മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് സിനിമയുടെ സംഗീത സംവിധായകൻ. വിജയ് സേതുപതി-നയൻതാര ജോഡികളായ ഹിറ്റ് ചിത്രം ‘നാനും റൗഡി താൻ’ എന്ന സിനിമയ്ക്കുശേഷം വിഘ്നേശ് സംവിധായകനാവുന്ന ചിത്രം കൂടിയാണ് താനാ സേർന്ത കൂട്ടം. ജനുവരി 12ന് പൊങ്കൽ റിലീസായാണ് ചിത്രം എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ