കോളേജ് വിദ്യാർഥികളെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് ഡയലോഗുകൾ പറഞ്ഞ് കൈയ്യിലെടുത്ത് സൂര്യ. തന്റെ പുതിയ ചിത്രമായ താനാ സേർന്ത കൂട്ടത്തിന്റെ പ്രൊമോഷന്റ ഭാഗമായി എറണാകുളം തേവര എസ്എച്ച് കോളേജിൽ എത്തിയപ്പോഴാണ് സൂര്യ പച്ചവെളളം പോലെ മലയാളം പറഞ്ഞത്. ലാലേട്ടന്റെയും മമ്മൂക്കയുടെയും ഹിറ്റ് ഡയലോഗുകൾ സൂര്യ പറഞ്ഞപ്പോൾ വിദ്യാർഥികൾ വൻ കരഘോഷമാണ് താരത്തിന് നൽകിയത്.

രഞ്ജിനി ഹരിദാസായിരുന്നു അവതാരക. സ്റ്റേജിലെത്തിയ സൂര്യയെ കൊണ്ട് മലയാളം പറയിപ്പിക്കാനുളള ഐഡിയ രഞ്ജിനിക്കാണ് തോന്നിയത്. സൂര്യ മലയാളം പറയുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് രഞ്ജിനി പറഞ്ഞു കഴിയുന്നതിനുമുൻപേ ‘ഞാൻ നിന്നെ പ്രേമിക്കുന്നു’വെന്ന് സൂര്യ പറഞ്ഞു. അതിനുശേഷമാണ് മലയാളം സിനിമയിലെ ഡയലോഗ് സൂര്യയെക്കൊണ്ട് പറയിപ്പിക്കാനുളള ആശയം രഞ്ജിനിയുടെ തലയിൽ ഉദിച്ചത്.

Read More: കീർത്തി സുരേഷ് പറഞ്ഞത് സത്യമാണോ എന്നറിയില്ല: സൂര്യ

ഏതു സിനിമയിലെ ഡയലോഗ് വേണമെന്ന് രഞ്ജിനി വിദ്യാർഥികളോട് ചോദിച്ചു. നരസിംഹം സിനിമയിലെ ഹിറ്റ് ഡയലോഗ് ‘പോ മോനേ ദിനേശാ’ പറയാനാണ് വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെട്ടത്. രഞ്ജിനി ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സൂര്യയ്ക്ക് പറഞ്ഞുകൊടുക്കുകയും സൂര്യ അത് പറയുകയും ചെയ്തു. അതിനുപിന്നാലെ മോഹൻലാലിന്റെ തന്നെ രാവണപ്രഭുവിലെ ‘സവാരി ഗിരിഗിരി’ എന്ന ഹിറ്റ് ഡയലോഗും സൂര്യയെക്കൊണ്ട് രഞ്ജിനി പറയിപ്പിച്ചു.

മോഹൻലാലിന്റെ മാത്രമല്ല മമ്മൂട്ടി ഫാൻസിനെയും സൂര്യ ഡയലോഗിലൂടെ കൈയ്യിലെടുത്തു. ഒരു വടക്കൻ വീരഗാഥയിലെ ‘ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ’ എന്ന ഡയലോഗാണ് സൂര്യ പറഞ്ഞത്.

താനാ സേർന്ത കൂട്ടത്തിലെ ഹിറ്റ് ഗാനം സൊടക്ക് മേലെ എന്ന ഗാനത്തിന് വിദ്യാർഥികൾ നൃത്തം ചെയ്തു. നൃത്തത്തിന്റെ അവസാനം സ്റ്റേജിൽ എത്തിയ സൂര്യ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ