പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി തമിഴ് നടൻ സൂര്യയും കാർത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേർന്ന് 25 ലക്ഷം രൂപ നൽകും. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

രജനി ഫാൻസ് അസോസിയേഷനും സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്കു പിന്നാലെ നിരവധി പേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാഗ്‌ദാനം ചെയ്തു. കർണാടക മുഖ്യമന്ത്രി 10 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം സ്വന്തം ശമ്പളത്തിൽനിന്നും ഒരു ലക്ഷം രൂപ സംഭാവന നൽകാനും തീരുമാനിച്ചു.

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാവിധ സഹായ വാഗ്‌ദാനങ്ങൾ നടൻ മമ്മൂട്ടിയും വാഗ്‌ദാനം ചെയ്തിരുന്നു. വടക്കൻ പറവൂർ പുത്തൻവേലിക്കര തേലതുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ നേരിൽ കണ്ടശേഷമായിരുന്നു മമ്മൂട്ടിയുടെ വാഗ്‌ദാനം. അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.

രാത്രി 11 മണിക്ക് സ്ഥലം എംഎൽഎ വി.ഡി.സതീശനൊപ്പമാണ് മമ്മൂട്ടി എത്തിയത്. ക്യാംപിൽ ഉണ്ടായിരുന്നവരായി മമ്മൂട്ടി സംസാരിച്ചു. പ്രളയം ദുരിതം നേരിടാൻ എല്ലാ സഹായവും മമ്മൂട്ടി വാഗ്‌ദാനം ചെയ്തു. ധൈര്യമായിരിക്കണം, നാടാകെ നിങ്ങൾക്കൊപ്പം ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ സന്ദർശനം ദുരിതത്തിൽ മനസ്സ് നൊന്തുപോയവർക്ക് ചെറിയൊരു ആശ്വാസമായി. മമ്മൂട്ടിക്കൊപ്പം അവർ ഫോട്ടോ പകർത്തുകയും സംസാരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook