ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ  കരൺ ജോഹർ ഇരട്ട കുട്ടികളുടെ അച്ഛനായി. ഞായറാഴ്‌ചയാണ് ഇരട്ടകുട്ടികളുടെ അച്ഛനായതായും കുട്ടികൾക്ക് പേരിട്ടതായും കരൺ ജോഹർ ട്വിറ്ററിലൂടെ അറിയിച്ചത്.

വാടക ഗർഭധാരണത്തിലൂടെയാണ് കരൺ ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും അച്ഛനായത്. യാഷ് ജോഹറെന്നും റൂഹി ജോഹറെന്നുമാണ് കരൺ ജോഹറിന്റെ കുടുംബത്തില പുതിയ അതിഥികളുടെ പേര്. താനും തന്റെ അമ്മയും കൂടിയാണ് ഈ കുഞ്ഞുങ്ങളെ വളർത്തുകയെന്ന് കരൺ ജോഹർ പറഞ്ഞു. കരൺ ജോഹറിന്റെ അച്ഛന്റെ പേരാണ് യഷ്.  അദ്ദേഹത്തിന്റെ അമ്മ ഹിറോയുടെ പേരിലെ അക്ഷരങ്ങൾ തിരിച്ചിട്ടതാണ് റൂഹി. ഫെബ്രുവരി ഏഴിന് അന്ധേരിയിലെ മസ്റാണി ആശുപത്രിയിലായിരുന്നു കുട്ടികളുടെ ജനനം.

ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ വെളളിയാഴ്‌ച കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ കുട്ടികളെ ബേബി ഗേൾ, ബേബി ബോയ് എന്ന പറഞ്ഞാണ് ജനന സമയത്ത് രജിസ്റ്റർ ചെയ്‌തതെന്ന് വാർത്തകളുണ്ടായിരുന്നു.

ജീവിതത്തിലെ വലിയൊരു സ്വപ്‌നം സഫലമായതിന് ഡോ.ജതിൻ ഷായോടും കരൺ നന്ദി പറയുന്നുണ്ട്. ഷാരൂഖ് ഖാന്റെ മകൻ അബ്റാം ജനിച്ചതും ഇതേ ആശുപത്രിയിൽ വാടക ഗർഭധാരണത്തിലൂടെയായിരുന്നു. തുഷാർ കപൂറും വാടക ഗർഭ ധാരണത്തിലൂടെ അച്ഛനായിരുന്നു.

തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സ്ത്രീയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും എന്നും പ്രാർത്ഥനകളിൽ അവരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു തീരുമാനത്തിലെത്താൻ മാനസികമായും ശാരീരികമായും യുക്തിപരമായും ഞാൻ തയ്യാറെടുത്തിരുന്നു. ഉപാധികളില്ലാത്ത സ്നേഹവും പരിഗണനയും കുട്ടികൾക്ക് നൽകും. ഇനി മുതൽ ഈ കുഞ്ഞുങ്ങളാണ് എന്റെ ലോകം. ബാക്കിയെല്ലാം രണ്ടാമതാണ്.

ബോളിവുഡിലെ പുതിയ അച്ഛനെ ആശംസകൾ കൊണ്ട് പൊതിയുകയാണ് സിനിമാലോകം.എന്തെന്നില്ലാത്ത സന്തോഷമാണ് തനിക്കിപ്പോളെന്ന് ആലിയ ഭട്ട് പറഞ്ഞു. സിനിമാ സംവിധായികയും കൊറിയോഗ്രാഫറുമായ  ഫറാ ഖാനും അഭിനന്ദങ്ങളുമായി രംഗത്തെത്തി. ഫറയുടെ ഉപദേശമാണ് വാടക ഗർഭധാരണത്തിലേക്ക് കരൺ ജോഹറിനെ നയിച്ചത്. ഐവിഎഫ് വഴി ഫറാ ഖാന് മൂന്ന് കുട്ടികൾ ജനിച്ചിരുന്നു. വരുൺ ധവാനും ആശംസകൾ അറിയിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook