കൊച്ചി: സിനിമാ ലോകം ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചലച്ചിത്രമാണ് പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ തമിഴ് സിനിമ താരം അജിത് കുമാര്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന അര്ജുന്, സുനില്‍ ഷെട്ടി, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ് എന്നിവരുമായി അജിത് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. സെറ്റിലുള്ള എല്ലാവരേയും അഭിവാദ്യം ചെയ്തതിന് ശേഷമായിരുന്നു അജിത്തിന്റെ മടക്കം.
100 കോടി രൂപ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയില്‍ ആയിരിക്കും റിലീസെന്നാണ് സൂചന. മോഹന്‍ലാലിന് പുറമെ, സുഹാസിനി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, കല്യാണി പ്രയദര്ശന്, പ്രഭു, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.