തമിഴകത്തെ രണ്ടു സൂപ്പർതാരങ്ങളാണ് ശിവകുമാറിന്റെ മക്കളായ സൂര്യയും കാർത്തിയും. രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്നാണ് അഭിനയ ലോകത്തേക്ക് എത്തിയത്. രണ്ടുപേരും തമിഴകത്ത് വിജയക്കൊടി പാറിക്കുകയും ചെയ്തു. കാർത്തിയുടെ അടുത്ത ചിത്രം പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന കടൈ കുട്ടി സിങ്കമാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

സയ്യേഷ സെയ്ഗാൾ, പ്രിയ ഭവാനിശങ്കർ എന്നിവരാണ് സിനിമയിലെ നായികമാർ. സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തി ഇപ്പോൾ ഈ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്. അതേസമയം, സൂര്യ തന്റെ പുതിയ ചിത്രമായ താനാ സേർന്ത കൂട്ടം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. സൂര്യ-കീർത്തി സുരേഷ് ജോഡികളായെത്തിയ സിനിമ വൻ ഹിറ്റായിരുന്നു.

സൂര്യ 36 സിനിമയിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ശെൽവരാഘവനാണ് ചിത്രത്തിന്റെ സംവിധായകൻ. രാഹുൽ പ്രീത്, സായ് പല്ലവി എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായിരുന്നു. രണ്ടാം ഷെഡ്യൂൾ ഫെബ്രുവരി പകുതിയോടെ തുടങ്ങും.

ഷൂട്ടിങ് തിരക്കുകളില്ലാത്തതിനാൽ കാർത്തിയുടെ ഷൂട്ടിങ് സെറ്റിലെത്തി സൂര്യ അനിയന് ബിഗ് സർപ്രൈസ് നൽകിയിരിക്കുകയാണ്. കടൈ കുട്ടി സിങ്കത്തിന്റെ സെറ്റിലെത്തിയ സൂര്യ ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിച്ചു. സൂര്യ ഷൂട്ടിങ് സെറ്റിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ