തമിഴ് നടൻ സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം. ഹൃദയം തളർന്നു പോകരുത്. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്,” തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദിയും സ്നേഹവും അറിയിക്കാനും താരം മറന്നില്ല.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை அனைவரும் உணர்வோம். அச்சத்துடன் முடங்கிவிட முடியாது. அதேநேரம் பாதுகாப்பும், கவனமும் அவசியம். அர்ப்பணிப்புடன் துணைநிற்கும் மருத்துவர்களுக்கு அன்பும், நன்றிகளும்.
— Suriya Sivakumar (@Suriya_offl) February 7, 2021
സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിങ് നീട്ടിവച്ചു. എയർ ഡെക്കാനിലെ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂരറൈ പോട്ര് ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്റർ റിലീസ് ഒഴിവാക്കിയ ചിത്രം ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിച്ചത്.
വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ ചിത്രമായ നവരസയുടെ ഷൂട്ടിങ് അടുത്തിടെയാണ് സൂര്യ പൂർത്തിയാക്കിയത്. ആന്തോളജിയാണ് ചിത്രം. ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ മലയാളി താരം പ്രയാഗ മാർട്ടിനാണ് സൂര്യയുടെ നായിക.
ഒമ്പത് സംവിധായകർ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി.ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടൻ അരവിന്ദ് സ്വാമിയും ചേർന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നം, ജയേന്ദ്ര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.
അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്നത്. അരവിന്ദ് സ്വാമി, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൺ, അളഗം പെരുമാൾ, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.