തമിഴിന്റെ അരുമ സഹോദരങ്ങള്‍ സൂര്യയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘കടൈക്കുട്ടി സിംഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നായകന്‍ കാര്‍ത്തിയാണ്.

ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ലുങ്കിയുടുത്ത് ബുളളറ്റ് ഓടിക്കുന്ന ഒരു കര്‍ഷകനായാണ് കാര്‍ത്തി എത്തുന്നത്. ആദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തില്‍ സൂര്യ അഭിനയിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

‘സ്‌നേഹം നിറഞ്ഞ ആരാധകരെ, കാര്‍ത്തിയുടെ അടുത്ത ചിത്രം കടൈക്കുട്ടി സിംഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ’ എന്നു പറഞ്ഞ് സൂര്യ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പൊങ്കല്‍ ആഘോഷത്തിന്റെ ചടങ്ങിനിടെയാണ് സൂര്യ സിനിമ പ്രഖ്യാപിക്കുന്നത്.

സിനിമയുടെ തെലുങ്ക് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ‘ചിന്നബാബു’ എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്. ‘ആദ്യമായി ചേട്ടനുമായി ഒന്നിച്ചൊരു സിനിമ ചെയ്യുകയാണ്. നിങ്ങളുടെ അനുഗ്രഹം വേണം’ എന്നായിരുന്നു ചിത്രത്തെക്കുറിച്ച് കാര്‍ത്തി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

നേരത്തേ തനിക്കൊരു സിനിമ സംവിധാനം ചെയ്യണമെന്നും തന്റെ ചിത്രത്തില്‍ സഹോദരന്‍ സൂര്യയെ നായകനാക്കണമെന്നും കാര്‍ത്തി പറഞ്ഞിരുന്നു. താന്‍ സംവിധാന സഹായിയായിരുന്ന കാലത്ത് അണ്ണന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നതായും കാര്‍ത്തി പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ