ഇഷ്ടതാരത്തിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തുന്ന ആരാധകർ ആവേശം കൂടി തിയേറ്ററിന്റെ ഗേറ്റുകൾ ചാടിക്കടക്കാറുണ്ട്. എന്നാൽ തമിഴകത്തിന്റെ സൂപ്പർ താരം ആരാധകരിൽനിന്നും രക്ഷപ്പെട്ടതും ഗേറ്റ് ചാടിക്കടന്നാണ്. സൂര്യയാണ് ആരാധക കൂട്ടത്തിൽനിന്നും രക്ഷപ്പെടാൻ ഗേറ്റ് ചാടിക്കടന്നത്.

തന്റെ പുതിയ ചിത്രമായ താനാ സേർന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയിൽ എത്തിയപ്പോഴാണ് ആരാധകർ സൂര്യയെ വളഞ്ഞത്. ‘ഗ്യാങ്’ എന്ന പേരിലാണ് ആന്ധ്രയിൽ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയിൽ ‘ഗ്യാങ്’ പ്രദർശിപ്പിക്കുന്ന തിയേറ്ററിലാണ് സൂര്യ എത്തിയത്. സൂര്യയെ കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

സൂര്യയ്ക്കൊപ്പം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ആരാധക ബാഹുല്യം കാരണം താരത്തിന് സംരക്ഷണം ഒരുക്കാനായില്ല. തിയേറ്ററിനകത്ത് ഒരുക്കിയ വേദിയിൽ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. ഈ സമയത്തും വേദിയിലേക്ക് ആരാധകർ തളളിക്കയറാൻ ശ്രമിച്ചു. ആരാധകരെ നിയന്ത്രിക്കാൻ സൂര്യ അപ്പോൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. പക്ഷേ ഫലം ഉണ്ടായില്ല. പരിപാടിക്കുശേഷം സൂര്യ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴും ആരാധകർ പുറകേക്കൂടി. സൂര്യയെ ഒന്നു തൊടുകയായിരുന്നു ആരാധകരുടെ ലക്ഷ്യം.

ഒരു ഘട്ടത്തിൽ ആരാധകരുടെ ഇടയിൽപെട്ടുപോയ സൂര്യക്ക് പുറത്തേക്ക് കടക്കാൻ വേറെ വഴിയൊന്നും കണ്ടില്ല. ഒടുവിൽ തിയേറ്ററിലെ ഗേറ്റ് ചാടിക്കടന്നു. സൂര്യയ്ക്കൊപ്പം ആരാധകരും ചാടി. താരത്തെ തൊടാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും വീണ്ടും ശ്രമമുണ്ടായി. ഒടുവിൽ ഒരു വിധത്തിലാണ് സുരക്ഷാ ജീവനക്കാർ സൂര്യയെ കാറിൽ കയറ്റിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook