scorecardresearch
Latest News

ഗജിനിയിലെ നായകനാവാൻ സംവിധായകൻ ആദ്യം സമീപിച്ചത് മറ്റൊരു നടനെ

കഥയിഷ്ടപ്പെടാത്തതിനെ തുടർന്ന് ആ നടൻ ചിത്രം വേണ്ടെന്നു വയ്ക്കുകയും പിന്നീട് അവസരം നിയോഗം പോലെ സൂര്യയിൽ എത്തിച്ചേരുകയുമായിരുന്നു

Madhavan, suriya, Ghajini

നടൻ സൂര്യയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായൊരു ചിത്രമാണ് ഗജിനി. 2005ൽ പുറത്തിറങ്ങിയ ചിത്രം സൂര്യയ്ക്ക് മാത്രമല്ല അസിൻ, നയൻതാര എന്നിവരുടെയും കരിയറിൽ ബ്രേക്കായ ചിത്രമാണ്. ‘ഗജിനി’യിൽ നായകനാവാൻ സംവിധായകൻ എ.ആർ മുരുകദോസ് ആദ്യം സമീപിച്ചത് മറ്റൊരു നടനെയാണ്. നടൻ മാധവനെ തേടിയായിരുന്നു ആ അവസരമെത്തിയത്. എന്നാൽ കഥയിഷ്ടപ്പെടാത്തതിനെ തുടർന്ന് മാധവൻ ചിത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

മാധവൻ തന്നെയാണ് 17 വർഷങ്ങൾക്കിപ്പുറം ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാധവൻ സംവിധാനം ചെയ്ത ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ലൈവിൽ സൂര്യയുമായി സംസാരിക്കവെയാണ് മാധവൻ വെളിപ്പെടുത്തിയത്.

“എനിക്ക് ഗജിനി എന്ന ചിത്രത്തിലേക്ക് ഒരു ഓഫർ ലഭിച്ചു. പക്ഷേ എനിക്ക് കഥ ഇഷ്ടപ്പെട്ടില്ല. രണ്ടാം പകുതിയിൽ ഞാൻ ഹാപ്പിയല്ലെന്ന് സംവിധായകൻ മുരുഗ്ദോസ് സാറിനോട് പറഞ്ഞു. ഒടുവിൽ ആ സിനിമ നിങ്ങളെ തേടിയെത്തി. കാഖ കാഖയിൽ നിങ്ങൾ ചെയ്തത് എന്താണെന്ന് ഞാൻ കണ്ടു. അതുകൊണ്ടുതന്നെ, ചിത്രം ശരിയായ ആളിലേക്കാണ് പോയതെന്ന് എനിക്ക് തോന്നി. നിങ്ങൾ അത് തെളിയിച്ചു. ഗജിനി ഹിറ്റായത് വളരെ വലിയ കാര്യമാണ്. പക്ഷേ, അതിനായി നിങ്ങൾ എത്രമാത്രം പരിശ്രമിച്ചുവെന്നതും ഞാൻ കണ്ടു. ആ സിക്സ് പാക്ക്, എനിക്കത് ചെയ്യാൻ കഴിയുമോ എന്ന് പോലും ഞാൻ ചിന്തിച്ചിരുന്നു. ഒരാഴ്‌ചയോളം നീ ഉപ്പ്‌ കഴിച്ചതേയില്ലെന്ന് നീ പറഞ്ഞത്‌ ഞാൻ ഓർക്കുന്നു. അതെന്റെ കരിയറിൽ ഞാൻ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. ഞാനെന്റെ കരിയറിനോട് വേണ്ടത്ര നീതി പുലർത്തുന്നില്ലെന്ന് എനിക്ക് തോന്നി. ഞാൻ നിങ്ങളെ ഒരു ഉദാഹരണമായി കാണാൻ തുടങ്ങി,” മാധവൻ പറഞ്ഞു.

ക്രിസ്റ്റഫർ നോളന്റെ മെമെന്റോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് ഗജിനി. 7 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം 50 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തു. പിന്നീട് ആമിർ ഖാനെ നായകനാക്കി മുരുകദോസ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു, 2008ൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതിയും ഗജിനി നേടി.

ഒരു സുഹൃത്തിന്റെ യഥാർത്ഥ അർത്ഥം തന്നെ പഠിപ്പിച്ച സൂര്യയെ കുറിച്ചും മാധവൻ വാചാലനായി. “ഗജിനിക്ക് ശേഷം നിങ്ങളുടെ കരിയർ വളർച്ച ചരിത്രമായിരുന്നു. ഇൻഡസ്ട്രിയിൽ എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ലെന്ന് നിങ്ങൾക്കറിയാമല്ലോ. പക്ഷേ, നിങ്ങൾ ഒരു സുഹൃത്ത് എന്നതിന്റെ യഥാർത്ഥ അർത്ഥം എനിക്ക് മനസ്സിലാക്കി തന്നു. ഉപാധികളില്ലാതെ നിങ്ങൾ എനിക്കായി നിലകൊള്ളുന്നു. അതാണല്ലോ യഥാർത്ഥ സൗഹൃദവും. ഇക്കാലത്ത് അത്തരം സൗഹൃദങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. നിങ്ങൾ എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. തിരിച്ച് ഞാൻ വളരെ പരിമിതമായ സഹായങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ,” മാധവൻ പറഞ്ഞു.

ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി മാധവൻ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് അഭിനയിച്ച ‘റോക്കറ്ററി’യിൽ ഒരു പ്രധാനപ്പെട്ടൊരു കഥാപാത്രമായി സൂര്യയും അഭിനയിച്ചിട്ടുണ്ട്. മാധവനിൽ നിന്ന് പണം വാങ്ങാതെയാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suriya ghajini ar murugadoss first choice madhavan