സ്ക്രീനിൽ നടനാണെങ്കിൽ ഓഫ് സ്ക്രീനിൽ റിയൽ ഹീറോയാണ് സൂര്യ. തന്റെ പുതിയ സിനിമയായ താനാ സേർന്ത കൂട്ടത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ തന്റെ കാലിൽ വീണ ആരാധകരുടെ കാലിൽ തിരികെ വീണ് സൂര്യ ഏവരെയും അതിശയപ്പെടുത്തിയിരിക്കുകയാണ്. സൂര്യയുടെ പ്രവൃത്തി കണ്ടുനിന്ന അവതാരകർ പോലും അമ്പരന്നുപോയി.

ആരാധകർ ഒരിക്കലും തന്റെ കാലിൽ വീഴരുതെന്ന് സൂര്യ പലതവണ പറഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന ചടങ്ങിലും ആരാധകർ ഇതു കേൾക്കാതെ വന്നപ്പോഴാണ് സൂര്യ അവരുടെ കാലിൽ വീണത്. സൂര്യയെ കാണാനായി വലിയൊരു ആരാധക കൂട്ടം തന്നെ എത്തിയിരുന്നു. സ്റ്റേജിലെത്തിയ സൂര്യയെ കാണണമെന്നും ഒപ്പംനിന്ന് ഫോട്ടോയെടുക്കണമെന്നും ഏതാനും ആരാധകർ ആവശ്യപ്പെട്ടു. അവരെ സ്റ്റേജിലേക്ക് കടത്തിവിടാൻ സൂര്യ നിർദേശിച്ചു.

സ്റ്റേജിൽ ഓടിക്കയറിയ ആരാധകരിൽ ഒരാൾ ആദ്യം സൂര്യയുടെ കാലിൽ തൊട്ടു. ഉടൻതന്നെ സൂര്യ ആരാധകന്റെ കാലിൽ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലിൽ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു. സൂര്യയുടെ ഈ പ്രവൃത്തി അവിടെയുണ്ടായിരുന്ന ഏവരെയും അതിശയപ്പെടുത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആരാധകരുടെ കാലിൽ വീണശേഷം അവരോട് തന്റെ കാലിൽ ഒരിക്കലും വീഴരുതെന്ന് സൂര്യ വീണ്ടും അഭ്യർത്ഥിച്ചു. അതിനുശേഷം ആരാധകർക്കൊപ്പം താനാ സേർന്ത കൂട്ടം സിനിമയിലെ സൊടക്ക് മേലെ എന്ന ഗാനത്തിനൊപ്പം സൂര്യ നൃത്തം ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ