തമിഴ്​ നടൻ സൂര്യയ്ക്ക്​ കോവിഡ്​ നെഗറ്റീവ്. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയാണ് ഈ വിവരം അറിയിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ കോവിഡ്-19 ചികിത്സ കഴിഞ്ഞ് സൂര്യ വീട്ടിൽ മടങ്ങി എത്തിയെന്നും കാർത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.

”അണ്ണൻ തിരികെ വീട്ടിലെത്തി, എല്ലാം സുരക്ഷിതമാണ്. ഏതാനും ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണം. നിങ്ങളുടെയെല്ലാം പ്രാർഥനകൾക്ക് നന്ദി പറയാൻ കഴിയില്ല,” ഇതായിരുന്നു കാർത്തിയുടെ ട്വീറ്റ്..

കഴിഞ്ഞയാഴ്ചയാണ് കോവിഡ് ബാധിതനായതിനെ തുടർന്ന് സൂര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൂര്യ തന്നെയാണ് രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം. ഹൃദയം തളർന്നു പോകരുത്. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്,” തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദിയും സ്നേഹവും അറിയിക്കാനും താരം മറന്നില്ല.

സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കാനി​രിക്കെയാണ്​ താരത്തിന്​ രോഗം സ്ഥിരീകരിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഷൂട്ടിങ്​ നീട്ടിവച്ചു. എയർ ഡെക്കാനിലെ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂരറൈ പോട്ര് ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്റർ റിലീസ് ഒഴിവാക്കിയ ചിത്രം ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിച്ചത്.

Read More: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു

വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ ചിത്രമായ നവരസയുടെ ഷൂട്ടിങ് അടുത്തിടെയാണ് സൂര്യ പൂർത്തിയാക്കിയത്. ആന്തോളജിയാണ് ചിത്രം. ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ മലയാളി താരം പ്രയാഗ മാർട്ടിനാണ് സൂര്യയുടെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook