കേരളത്തിലും വലിയൊരു ആരാധകവൃന്ദമുള്ള താരമാണ് നടൻ സൂര്യ. ‘എതർക്കും തുനിന്തവൻ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിലെത്തിയ സൂര്യയെ ഹർഷാരവത്തോടെയാണ് ആരാധകർ എതിരേറ്റത്. ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിചെന്ന് ആരാധകരോട് സംസാരിക്കാനും സൂര്യ മറന്നില്ല.
താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ കരഞ്ഞ ആരാധികയെ ചേർത്തുനിർത്താനും സൂര്യ മറന്നില്ല.
പാണ്ഡിരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്‍’ സൂര്യയുടെ 40-ാമത്തെ ചിത്രമാണ്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സണ്‍ പിക്ചേഴ്സ് നിർമ്മിച്ച ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തും.
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സൂരറൈ പോട്രു, ജയ് ഭീം തുടങ്ങിയ സൂര്യയുടെ അവസാന രണ്ടു ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം സൂര്യ ചിത്രം തിയേറ്ററിലെത്തുന്ന സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.
‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്.