മോഹൻലാൽ എന്ന ഇതിഹാസ നടനൊപ്പമാണ് അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാനായില്ലെന്ന് സൂര്യ. തന്റെ പുതിയ സിനിമയായ എൻജികെയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോഴാണ് ‘കാപ്പാൻ’ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സൂര്യ പറഞ്ഞത്.

”എന്റെ തോളിൽ കൈയ്യിട്ട് എന്നോട് സംസാരിക്കുന്നുവെന്നും മോഹൻലാലിനൊപ്പമാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നും ഞങ്ങൾ രണ്ടുപേരും ഒരേ ഫ്രെയിമിലാണെന്നൊന്നും എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. മോഹൻലാലിന്റെ മുന്നിലാണല്ലോ അഭിനയിക്കുന്നതെന്നോർത്ത് ആദ്യ ഷോട്ടിൽ അഭിനയിക്കുമ്പോൾ എനിക്ക് ചെറിയ പരിഭ്രമമായിരുന്നു. മോഹൻലാൽ അസാധ്യ വ്യക്തിയാണ്.”

surya, sai pallavi, ngk movie ,ie malayalam

”മോഹൻലാലിന്റെ ഗുണമെന്തെന്നാൽ അദ്ദേഹം നമ്മുടെ പ്രായത്തിലേക്ക് ഇറങ്ങിവരും. അദ്ദേഹം സംസാരിക്കുന്ന രീതി കാണുമ്പോൾ അദ്ദേഹം ഇത്രയും വലിയ നടനാണെന്നോ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ടെന്നോ ഇത്രയും അധികം സിനിമകൾ ചെയ്തിട്ടുണ്ടെന്നോ ഒക്കെ നമ്മൾ മറന്നുപോകും. അദ്ദേഹത്തിനോട് എന്തിനെക്കുറിച്ചും ചോദിക്കാം.”

Photos: സൂര്യയും സായ് പല്ലവിയും കൊച്ചിയിൽ; ‘എൻജികെ’ പ്രൊമോഷൻ ചിത്രങ്ങൾ

”കാപ്പൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ഒരുക്കിയതിന് ഞാൻ നന്ദി പറയുന്നത് സംവിധായകൻ കെ.വി.ആനന്ദിനോടാണ്. എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് ഞാനെപ്പോഴും മോഹൻലാലിനോട് ചോദിക്കും. അതിന് അദ്ദേഹം പറയുന്നത് ഒരേയൊരു ഉത്തരമാണ്, ഈശ്വരൻ. ഓരോ ഷോട്ടിനു മുൻപും ഇത് നന്നായി വരണമെന്ന് ഈശ്വരനോട് പ്രാർഥിക്കുമെന്ന് മോഹൻലാൽ പറയും,” സൂര്യ പറഞ്ഞു.

ലൂസിഫർ സിനിമ കണ്ടുവെന്നും വളരെയധികം ഇഷ്ടമായെന്നും സൂര്യ പറഞ്ഞു. മോഹൻലാലിനെ ഇത്ര മനോഹരമായ രീതിയിൽ ഫ്രെയിമിൽ അവതരിപ്പിച്ചതിന് പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലൂസിഫർ കണ്ടു, ഇനി ഉയരെ സിനിമ കാണണമെന്നും സൂര്യ ആഗ്രഹം പ്രകടിപ്പിച്ചു.

surya, sai pallavi, ngk movie ,ie malayalam

മലയാളികളുടെ മനസിലേക്ക് മലർ മിസായി വന്ന് കൂടുകെട്ടിയ സായ് പല്ലവിക്ക് പറയാനുണ്ടായിരുന്നത് മലയാളികളുടെ സ്നേഹത്തെക്കുറിച്ചായിരുന്നു. സ്റ്റേജിലേക്ക് സായ് പല്ലവിയെ ക്ഷണിക്കുമ്പോൾ എല്ലാവരും ഉച്ചത്തിൽ വിളിച്ചു കൂവിയത് ‘മലർ’ എന്നായിരുന്നു. ആ സ്നേഹത്തെക്കുറിച്ചായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ. ”പ്രേമം റിലീസായിട്ട് ഇന്നു നാലു വർഷം തികയുന്നു. ഈ ദിവസം തന്നെ കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാലു വർഷം കഴിഞ്ഞിട്ടും മലർ മിസിനെ മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴും അവർ എന്നെ സ്നേഹിക്കുന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നു,” സായ് പല്ലവി പറഞ്ഞു.

എൻജികെ സിനിമയെക്കുറിച്ചും സൂര്യയും സായ് പല്ലവിയും സംസാരിച്ചു. ”എൻജികെ ഒരു പൊളിറ്റിക്കൽ സിനിമയാണ്. പക്ഷേ ഇതൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ രാഷ്ട്രീയ നേതാവിനെക്കുറിച്ചോ ഉളളതല്ല. ഇതിനു മുൻപ് ഇറങ്ങിയ പൊളിറ്റിക്കൽ സിനിമകളിൽ വളരെ വ്യത്യസ്തമായ കഥയാണ് എൻജികെ പറയുന്നത്. എറ്റവും താഴേത്തട്ടിലുളള രാഷ്ട്രീയത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. എൻജികെ പൊളിറ്റിക്കൽ സിനിമ മാത്രമല്ല, ഒരു ഫാമിലി എന്റർടെയിനർ കൂടിയാണ്,” സൂര്യ അഭിപ്രായപ്പെട്ടു.

surya, sai pallavi, ngk movie ,ie malayalam

സൂര്യയുടെ വലിയൊരു ആരാധികയായ തനിക്ക് എൻജികെ വളരെ സ്‌പെഷ്യലായ സിനിമയാണെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ഈ സിനിമയിലൂട ഒരുപാട് കാര്യങ്ങൾ പഠിച്ചു. സംവിധായകൻ സെൽവരാഘവനും നടൻ സൂര്യയും ആക്ടിങ്ങിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ആത്മവിശ്വാസം തനിക്ക് ഇപ്പോൾ കൂടിയെന്നും മലയാളികളുടെ മലർ മിസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook