തന്റെ ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കി സൂര്യ. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം സൂര്യ ഏറ്റുവാങ്ങി. സൂര്യയുടെയും ജ്യോതികയുടെയും നിർമ്മാണ സംരംഭമായ സൂരറൈ പോട്ര് അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച ഫീച്ചർ ഫിലിം, മികച്ച നടി, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച പശ്ചാത്തല സ്കോർ എന്നിവയ്ക്കുള്ള പുരസ്കാരവും സൂരറൈ പോട്ര് ആണ് നേടിയത്.
ഭാര്യ ജ്യോതികയ്‌ക്കൊപ്പമാണ് സൂര്യ ചടങ്ങിനെത്തിയത്. സൂര്യയ്‌ക്കൊപ്പം സൂരറൈ പോട്ര് എന്ന ചിത്രം നിർമ്മിച്ച ജ്യോതിക മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന് ശേഷം, മകൻ ദേവിനും മകൾ ദിയയ്ക്കും സൂര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ ജ്യോതിക പങ്കിട്ടു. അച്ഛനമ്മമാർക്ക് ലഭിച്ച മെഡലുകൾ അഭിമാനത്തോടെ കയ്യിലേറ്റി നിൽക്കുന്ന ദിയയേയും ദേവിനെയും ചിത്രത്തിൽ കാണാം.




“ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയോടും ഇന്ത്യൻ സർക്കാരിനോടും ശരിക്കും നന്ദിയുണ്ട്. എന്റെ മനസ്സിൽ ഒരുപാട് വികാരങ്ങൾ ഓടിക്കൊണ്ടിരുന്നു. എനിക്ക് നന്ദി പറയാൻ ഒരുപാട് പേരുണ്ട്. തീർച്ചയായും അത് എന്റെ സംവിധായിക സുധാ കൊങ്ങര പ്രസാദിൽ നിന്ന് തുടങ്ങണം. സൂരറൈ പോട്രിവിനുള്ള അഞ്ച് ദേശീയ അവാർഡുകൾ സന്തോഷം തരുന്നു. അതിൽ കൂടുതൽ ഒന്നും ഞങ്ങൾക്ക് ആവശ്യപ്പെടാനില്ലായിരുന്നു! ഏകദേശം 13 വർഷങ്ങൾക്ക് ശേഷം ഒരു തമിഴ് ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിം അവാർഡ് ലഭിച്ചു എന്ന സവിശേഷതയുമുണ്ട്,” സൂര്യ എഎൻഐയോട് പറഞ്ഞു.
“എന്റെ ഭാര്യ എപ്പോഴും എന്നിൽ വെളിച്ചം വീശുന്നു. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവർ മികച്ച ചിത്രത്തിനുള്ള അവാർഡ് വാങ്ങുന്നത് കണ്ടതിൽ വളരെ സന്തോഷം. എനിക്കൊരിക്കലും മറക്കാനാകാത്ത നിമിഷമാണിത്,” സൂര്യ കൂട്ടിച്ചേർത്തു.
68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിലാണ് നടന്നത്. സൂര്യയ്‌ക്കൊപ്പം അജയ് ദേവ്ഗൺ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. അപർണ ബാലമുരളി (മികച്ച നടി), ബിജു മേനോൻ (മികച്ച സഹനടൻ), ലക്ഷ്മി പ്രിയ ചന്ദ്രമൗലി (മികച്ച സഹനടി), ആശാ പരേഖ് (ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം) എന്നിവയും നേടി.