നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രം കൂടിയാണിത്. തന്‍റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് നിവിന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഷൂട്ടിങ് ലൊക്കേഷനിൽ നിവിൻ പോളിക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് താരജോഡികളായ സൂര്യയും ജ്യോതികയും. ലൊക്കേഷനിൽ അപ്രതീക്ഷിതമായി എത്തിയാണ് സൂര്യയും ജ്യോതികയും നിവിനെ ഞെട്ടിച്ചത്. ലൊക്കേഷനിൽ എത്തിയ ഇരുവരും ചേർന്ന് കായംകുളം കൊച്ചുണ്ണിയുടെ സ്കെച്ച് പോസ്റ്ററും പുറത്തിറക്കി.

വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയത് മലയാള സിനിമ ഹൗ ഓൾഡ് ആർ യൂവിന്റെ തമിഴ് റീമേക്കായ 36 വയതിനിലേയിലൂടെയാണ്. റോഷൻ ആൻഡ്രൂസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കായംകുളം കൊച്ചുണ്ണിയുടെയും സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസാണ്. ലൊക്കേഷനിലെ സൂര്യ-ജ്യോതിക ദമ്പതികളുടെ സന്ദർശനം സൗഹൃദത്തിന്റെ പേരിലെന്നാണ് വിവരം.

ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിക്ക് തിരക്കഥയൊരുക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളിലാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ചിത്രത്തില്‍ വിഷ്വല്‍ ഇഫെക്റ്റ്സിന് വലിയ പ്രാധാന്യമുണ്ടാകും എന്നാണു അറിയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കൊറിയോഗ്രാഫേഴ്‌സാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ