ബിരിയാണിയോടുള്ള പ്രഭാസിന്റെ പ്രണയം സിനിമാരംഗത്ത് പരസ്യമായ കാര്യമാണ്. തന്റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്, അതിൽ മിക്ക കഥകളുടെയും ഹൃദയഭാഗത്ത് ഇടം പിടിച്ച് ബിരിയാണിയുമുണ്ടായിരുന്നു. നടൻ സൂര്യയാണ് ഇപ്പോൾ പ്രഭാസിന്റെ ബിരിയാണി പ്രണയത്തിന്റെ കഥ പറുന്നത്. ഇരുവരും ഹൈദരാബാദിൽ ഒരേ ലൊക്കേഷനിൽ രണ്ടു വ്യത്യസ്ത സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.
“ഞങ്ങൾ യാദൃശ്ചികമായി ഫിലിം സിറ്റിയിൽ കണ്ടുമുട്ടി ‘സർ, ഇന്ന് രാത്രി അത്താഴം ഒന്നിച്ചാവാം, ഞാൻ കാത്തിരിക്കാം” പ്രഭാസ് പറഞ്ഞു. 6 മണിയ്ക്ക് തുടങ്ങിയ ഷൂട്ടിംഗ് 8 മണിയായിട്ടും തീർന്നില്ല, സമയം കടന്നുപോയി കൊണ്ടിരുന്നു, 10, 11….. 11:30 ആയപ്പോൾ ഷൂട്ടിംഗ് തീർന്നു. അന്ന് ഹോട്ടലിൽ നിന്നു തന്നെ ഭക്ഷണം എന്നു ഞാൻ കരുതി, അല്ലെങ്കിൽ പ്രൊഡക്ഷൻ മെസ്സിൽ നിന്നാവും ഭക്ഷണം വരിക. ഡിന്നറിന് ചെല്ലാൻ പറ്റാത്തതിൽ പ്രഭാസിനോട് അടുത്ത ദിവസം തന്നെ മാപ്പ് പറയാമെന്നു കരുതി. ഞാൻ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു, പ്രഭാസിന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു. അവൻ പുറത്തിറങ്ങി ‘സാർ ഞാൻ റെഡിയാണ്, നിങ്ങൾ കുളിച്ചിട്ടുവരൂ,’ എന്നു പറഞ്ഞതും ഞാൻ ഞെട്ടിപ്പോയി. സമയം രാത്രി 11:30, അവൻ അത്താഴം കഴിച്ചില്ല, എന്നെ കാത്തിരിക്കുകയായിരുന്നു. അവന്റെ വീട്ടിൽ നിന്ന് വന്ന ഭക്ഷണമാണ്, അമ്മയെ പാകം ചെയ്തു കൊടുത്തുവിട്ടതാണ്. ഇത്രയും നല്ല ബിരിയാണി മുൻപൊരിക്കലും ഞാൻ കഴിച്ചിട്ടില്ല,” സൂര്യ പറഞ്ഞു.
സിനിമയിലെ സുഹൃത്തുക്കൾ തന്റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്. നേരത്തെ, ‘പ്രൊജക്റ്റ് കെ’യുടെ സെറ്റിൽ പ്രഭാസ് തനിക്കായി ഒരുക്കിയ ഗംഭീര വിരുന്നിന്റെ ദൃശ്യങ്ങൾ ദീപിക പദുക്കോൺ പങ്കുവെച്ചിരുന്നു.
പുരാണ നാടകമായ ‘ആദിപുരുഷി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ് ഇപ്പോൾ. ‘ആദി പുരുഷി’ൽ കൃതി സനോൺ ആണ് പ്രഭാസിന്റെ നായിക. ഇരുവരും ഡേറ്റിംഗിലാണെന്ന് കഴിഞ്ഞ ദിവസം നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയതും വാർത്തകളിലിടം പിടിച്ചിരുന്നു.