സൂര്യ-മോഹന്‍ലാല്‍ തമിഴ് ചിത്രം ജൂണ്‍ 23ന് ലണ്ടനില്‍ ആരംഭിക്കും. കെ.വി.ആനന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക്‌ താരം അല്ലു സിരീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സായേഷയാണ് നായിക.

Sayyeshaa

ചിത്രം. സായീഷാ/ട്വിറ്റെര്‍

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്‌ മോഹന്‍ലാല്‍. ചിത്രം ജൂണ്‍ ആദ്യ വാരം ലണ്ടനില്‍ ചിത്രീകരണമാരംഭിച്ചു. ‘ആര്‍ഐപി’ എന്ന വര്‍ക്കിങ് ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായിക. നിരഞ്ജ് മണിയന്‍ പിള്ള രാജു, സുരേഷ് കൃഷ്ണ, സുബി, അരുണ്‍ നാരയണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അഭിനേതാക്കളുടെ നിരയാണ് ഇപ്പോള്‍ ലണ്ടന്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. ഇതിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ കെ.വി.ആനന്ദ്‌ ചിത്രത്തില്‍ ചേരുക.

‘അയന്‍’, ‘കോ’, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ.വി.ആനന്ദിന്‍റെ പുതിയ ചിത്രം സൂര്യയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്തോളം രാജ്യങ്ങളിലായാണ് ഇതിന്‍റെ ചിത്രീകരണം നടക്കുക. ഇംഗ്ലണ്ട് കൂടാതെ ന്യൂയോര്‍ക്ക്‌, ബ്രസീല്‍, ഇന്ത്യയില്‍ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങള്‍ ലൊക്കേഷനാകും എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ അവസാനത്തോടെ ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴിലെ വലിയ ബാനറുകളില്‍ ഒന്നായ ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

Suriya 37 Fan Made Poster

‘സൂര്യ 37’, ഫാന്‍ മേഡ് പോസ്റ്റര്‍. ചിത്രം. സൂര്യ എഫ് സി/ഫേസ്ബുക്ക്‌

സുരേഷ്-ബാലകൃഷ്ണന്‍ (ശുഭ) ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.

ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നാല് ഗാനങ്ങള്‍ ചിത്രത്തിനായി അദ്ദേഹം കംപോസ് ചെയ്തു കഴിഞ്ഞതായും വിവരമുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സായേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സായേഷാ ഇപ്പോള്‍ വിജയ്‌ സേതുപതിയുടെ ‘ജുംഗ’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്. ഗവേമിക് യു ആരിയാണ് ‘സൂര്യ 37’ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍. ‘സൂര്യ 37’ മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

 

‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ.വി.ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സൂര്യയുമായി ആദ്യമായാണ് മോഹന്‍ലാല്‍ കൈകോര്‍ക്കുന്നത്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാം ചിത്രമാണ് സിരീഷിന്റേത്. നേരത്തേ ഇരുവരും മേജര്‍ രവി ചിത്രം ‘ബിയോണ്ട് ദ ബോഡേഴ്സില്‍’ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് മോഹന്‍ലാല്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുനത്, തമിഴില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം മായിരുന്നു അത്. ‘ജില്ല’ എന്ന സിനിമയില്‍ വിജയ്‌യുടെ അച്‌ഛന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ