മോഹന്‍ലാല്‍ സൂര്യയുമായി കൈകോര്‍ക്കുന്ന കെ.വി.ആനന്ദ്‌ ചിത്രം ലണ്ടനില്‍ ചിത്രീകരണം നടന്നു വരുന്നു. മോഹന്‍ലാല്‍-സൂര്യ-അല്ലു സിരീഷ് കൂട്ടുകെട്ടിലുള്ള ചിത്രത്തില്‍ നടന്‍ ആര്യയും ജോയിന്‍ ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സയേഷയാണ് നായിക.

സുരേഷ്-ബാലകൃഷ്‌ണന്‍ (ശുഭ) ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.

Read More: മോഹന്‍ലാലും സൂര്യയും അല്ലു സിരീഷും ഒന്നിക്കുന്നു; സ്ക്രീനിലെ മാജിക് കാത്ത് ആരാധകര്‍

‘അയന്‍’, ‘കോ’, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ.വി.ആനന്ദിന്‍റെ പുതിയ ചിത്രം സൂര്യയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്തോളം രാജ്യങ്ങളിലായാണ് ഇതിന്‍റെ ചിത്രീകരണം നടക്കുക. ഇംഗ്ലണ്ട് കൂടാതെ ന്യൂയോര്‍ക്ക്‌, ബ്രസീല്‍, ഇന്ത്യയില്‍ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങള്‍ ലൊക്കേഷനാകും എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ അവസാനത്തോടെ ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴിലെ വലിയ ബാനറുകളില്‍ ഒന്നായ ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

സയേഷാ

Read More: മോഹന്‍ലാല്‍ വീണ്ടും തമിഴിലേയ്‌ക്ക്: സൂര്യയ്ക്കൊപ്പം കെ.വി.ആനന്ദ്‌ ചിത്രം

ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നാല് ഗാനങ്ങള്‍ ചിത്രത്തിനായി അദ്ദേഹം കംപോസ് ചെയ്‌തു കഴിഞ്ഞതായും വിവരമുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സായേഷാ ഇപ്പോള്‍ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്. ഗവേമിക് യു ആരിയാണ് ‘സൂര്യ 37’ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍.  ‘സൂര്യ 37’ മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ