കേരളത്തിനു പുറത്തും ഒട്ടേറെ ആരാധകരുള്ള സൂപ്പർതാരമാണ് ദുൽഖർ സൽമാൻ. ഇന്ന് അദ്ദേഹത്തിന്റെ 34-ാം ജന്മദിനമാണ്. കേരളത്തിനു പുറത്തുനിന്നും ദുൽഖറിനെ തേടി ആശംസകളെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സുരേഷ് റെയ്‌ന ദുൽഖറിനു ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ദുൽഖറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ചെന്നെെ സൂപ്പർ കിങ്‌സ് താരം കൂടിയായ റെയ്‌ന ആശംസകളറിയിച്ചത്. സൂപ്പർസ്റ്റാർ ദുൽഖർ സൽമാന് ജന്മദിനാശംസകൾ എന്നാണ് റെയ്‌ന കുറിച്ചിരിക്കുന്നത്.

“ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. ഉടൻ നമുക്കൊരു സിനിമ വേണം, നിങ്ങളെ അധികം വെെകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു,” ദുൽഖറിന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റിൽ റെയ്‌ന പറയുന്നു. ക്രിക്കറ്റ് ഇതിവൃത്തമായി വരുന്ന ‘സോയ ഫാക്‌ടർ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടത്.

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

Read Also: ടൗണിലെ ഏറ്റവും മികച്ച ബർഗർ ഷെഫ്; ദുൽഖറിന് ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ‘കുറുപ്പ്’ വലിയ പ്രതീക്ഷകളുള്ള ചിത്രമാണ്. ‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook