തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ അഭിമാനമായ കീർത്തി സുരേഷ്. സുഹൃത്തും മലയാളി വ്യവസായിയുമായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി കീർത്തി പ്രണയത്തിൽ, വിവാഹം ഉടൻ എന്നിങ്ങനെയുള്ള വാർത്തകൾ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഫർഹാനുമായ ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് കീർത്തിയും രംഗത്ത് വന്നിരുന്നു. “ആരാണ് കീർത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാൻ?” എന്ന തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട ഒരു ലേഖനം ഷെയർ ചെയ്തുകൊണ്ടാണ് കീർത്തി പ്രതികരിച്ചത്. സമയമാവുമ്പോൾ ഞാൻ യഥാർത്ഥ മിസ്റ്ററി മാനെ പരിചയപ്പെടുത്തും എന്നാണ് കീർത്തി ട്വീറ്റ് ചെയ്തത്.
മകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളോട് പ്രതികരിക്കുകയാണ് നടനും നിർമാതാവുമായ സുരേഷ് കുമാർ. കീര്‍ത്തിയുടെ നല്ല സുഹൃത്താണ് ഫർഹാൻ എന്നും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് സുരേഷ് കുമാർ വീഡിയോ സന്ദേശത്തിൽ പറയുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് സുരേഷ് കുമാറിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഫർഹാൻ എന്ന പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു എന്ന്. അത് വ്യാജമാണ്. അടിസ്ഥാനരഹിതമാണ് ആ വാർത്ത. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക ഏറ്റെടുത്ത് വാര്‍ത്തയാക്കി, വൈറലായി മാറിയതാണ്.”
“പലരും വിളിച്ച് ഇതെന്താണ് സംഭവം എന്നു തിരക്കുന്നുണ്ട്. ഇതിപ്പോൾ പല തവണയായി ഇങ്ങനെയുള്ള വാർത്തകൾ വരുന്നു. വളരെ കഷ്ടമാണ്, മനുഷ്യരെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരുടെ കൂടെ മനസ്സമാധാനമില്ലാതാക്കുന്ന കാര്യമാണ്. ഇത് തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. സമയമാവുമ്പോൾ ഞാൻ അറിയിക്കാം, അല്ലാതെ ഇങ്ങനെ വ്യാജവാർത്തകൾ ചമച്ച് ഞങ്ങളെ കഷ്ടപ്പെടുത്തരുത്. ഇതെന്റെ അഭ്യർത്ഥനയാണ്, ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് വളരെ മോശമാണ്. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. സാധാരണ ഇത്തരം കാര്യങ്ങൾ ഞാൻ അവഗണിക്കാറാണ് പതിവ്. ഇതിപ്പോൾ
എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഇടുന്നത്,” സുരേഷ് കുമാർ പറഞ്ഞു.