സുരേഷ് ഗോപിയുടെ താടിയോട് കൂടിയ ലുക്ക് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പനു വേണ്ടി സുരേഷ് ഗോപി അവതരിപ്പിച്ച ലുക്ക് ആയിരുന്നു ഇത്.
ഈ ലുക്ക് വൈറലായിതിന് പിറകെ താരത്തിന്റെ ലുക്കിനെ പരിഹസിച്ചുകൊണ്ടുള്ള ചില പരാമർശങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിലൊരു പരിഹാസത്തിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ ഈ താടി ഒഴിവാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. താടി ഇല്ലാതെയുള്ള പുതിയ ലുക്കിലുള്ള ചിത്രം സുരേഷ് ഗോപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രാജ്യസഭാ എംപി എന്ന നിലയില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് ഈ ഫോട്ടോ. തന്റെ ലുക്കിനെ പരിഹസിച്ചവർക്കുള്ള മറുപടിയും ഫോട്ടോയുടെ അടിക്കുറിപ്പിൽ സുരേഷ് ഗോപി നൽകിയിരിക്കുന്നു.
“രാജ്യസഭാ എംപി എന്ന നിലയിൽ ആറുവർഷത്തെ എന്റെ കാലയളവിലെ മാന്യമായ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി പറയാൻ ഒരു നിമിഷം ചെലവഴിക്കുന്നു. നിങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്താൽ ഞാൻ എന്റെ കൈകൾ ശക്തമാക്കി, എന്റെ കാഴ്ചയ്ക്ക് പുരോഗതി കൈവരിച്ചു,” സുരേഷ് ഗോപി കുറിച്ചു. ഇതിന് തുടർച്ചയായി തന്റെ താടിയെക്കുറിച്ചും അദ്ദേഹം പഞ്ഞു.
“എൻബി: പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ് ,” സുരേഷ് ഗോപി കുറിച്ചു.