ശോഭന, സുരേഷ് ഗോപി, നസ്രിയ- മൂന്നുപേരും മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട ഈ മൂന്നു താരങ്ങളും ആദ്യമായി ഒന്നിച്ചെത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിച്ചെത്തുന്നത്. അനൂപിന്റെ ആദ്യസംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ആറു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ശോഭന തിരിച്ചെത്തുമ്പോൾ 90കളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമ ഴോണറിൽ വരുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെയാണ് ശോഭനയും നസ്രിയയും അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈ കേന്ദ്രീകരിച്ചു പറയുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അനൂപ് സത്യൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
“ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ചിത്രത്തിന്റ എഴുത്തുജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുപേരോടും ഞാൻ കഥ പറയുകയും അവർക്കിഷ്ടപ്പെടുകയും ചെയ്തു. ഹ്യൂമറിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. സുരേഷ് ഗോപി നായകനായല്ല എത്തുന്നത്, പക്ഷേ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. പതിവ് ചാക്കോച്ചി ടൈപ്പ് കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഈ ചിത്രത്തിൽ,” അനൂപ് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അനൂപ് തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞാൽ ഉടൻ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.
Read more: നീണ്ട 22 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് ‘തിര’യിലാണ് ഒടുവിൽ ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം ശോഭന അഭിനയിച്ച അവസാനചിത്രം 2005 ല് റിലീസ് ചെയ്ത ജയരാജ് ചിത്രം ‘മകള്ക്ക്’ ആയിരുന്നു.