മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത ‘എന്റെ സൂര്യപുത്രിയ്ക്ക്’. അമലയും ശ്രീവിദ്യയും സുരേഷ് ഗോപിയും എംജി സോമനുമെല്ലാം മത്സരിച്ചഭിനയിച്ച ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തിൽ മായാവിനോദിനിയെന്ന കഥാപാത്രമായി മികവാർന്ന പ്രകടനമാണ് അമല കാഴ്ച വച്ചത്.
ഇപ്പോഴിതാ, ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിൽ തന്റെ നായികയായി അഭിനയിച്ച അമലയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചോക്ളേറ്റ് ഹീറോ ഇമേജിൽ ഡാൻസൊക്കെ കളിച്ച ഒരു സുരേഷ് ഗോപിയെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സുരേഷ് ഗോപി.
“കൊതിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചാക്കോച്ചൻ ചെയ്ത വേഷങ്ങൾ കണ്ട്. നിറത്തിലെ ‘യാത്രയായി സൂര്യാങ്കുരം’ എന്ന പാട്ടിന്റെയൊക്കെ വേദനയുണ്ടല്ലോ. അതിന്റെ വേറൊരു വേർഷനാണ് ഇന്നലെയിൽ നരേന്ദ്രൻ ചെയ്തത്.
പക്ഷേ എന്റെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ്. ചാക്കോച്ചൻ ചെയ്ത വേഷങ്ങളുടെ അൽപ്പമെങ്കിലും ഷെയ്ഡുള്ള ഒന്ന് എനിക്ക് ചെയ്യാൻ പറ്റിയത് സൂര്യപുത്രിയാണ്. സൂര്യപുത്രി ഞാൻ ഫ്രീക്കൗട്ട് ചെയ്ത പടമാണ്, എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നെന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. എന്റെ ക്രഷ് ആയിരുന്നു അമല,” സുരേഷ് ഗോപി പറയുന്നു.

പാപ്പൻ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും പാപ്പനിൽ അഭിനയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.
ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. നൈല ഉഷ, നീതാ പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, സജിത മഠത്തിൽ തുടങ്ങിവരും ചിത്രത്തിലുണ്ട്.