കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അച്ഛനെ അഭിനന്ദിച്ച് മകൻ ഗോകുലും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ,” എന്നാണ് ഗോകുൽ സുരേഷ് കുറിക്കുന്നത്.
കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടൻ തന്നെ കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നുമാണ് സുരേഷ് ഗോപി എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടത്. കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ദേശീയ ഗിരിവര്‍ഗ കമ്മിഷന്‍ ഉടന്‍ സംസ്ഥാനത്തെ പ്രധാന ആദിവാസികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് രാജ്യസഭയില്‍ ഗിരിവര്‍ഗക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടയോട് സുരേഷ് ഗോപി എം.പി. അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി ചൂണ്ടി കാണിച്ചു.
” എന്റെ കൈയില്‍ ഇതിന്റെ റിപ്പോര്‍ട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്”, സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കര്‍മപദ്ധതിപ്രകാരം തിരഞ്ഞെടുത്ത ഇടുക്കിയിലെ ഇടമലക്കുടിയില്‍ ഇതുവരെ വൈദ്യുതി നല്‍കിയില്ലെന്നും തന്റെ എം.പി. ഫണ്ടില്‍നിന്നുള്ള തുക കളക്ടര്‍ അവിടെ ചെലവഴിക്കാന്‍ തയ്യാറായിട്ടില്ലെന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി.