അകാലത്തിൽ പിരിഞ്ഞുപോയ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയും. 28 വർഷങ്ങൾക്കിപ്പുറവും കണ്ണു നനയിക്കുന്ന ഒരോർമയാണ് സുരേഷ് ഗോപിയ്ക്ക് ലക്ഷ്മി. ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ മരിക്കുന്നത്. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. തോന്നയ്ക്കലില്‍ വെച്ച്‌ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലക്ഷ്മി മരണപ്പെടുകയും ചെയ്തു.

‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയുടെ വേദിയിൽ മകളെ കുറിച്ച് സംസാരിക്കുമ്പോൾ ശബ്ദമിടറുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കോടീശ്വരൻ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ ശ്രീധരനോട് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി പഴയ ഓർമ പങ്കുവച്ചത്. ശ്രീധരെ കാണാൻ ഇന്ദ്രൻസിന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയ താരം ഇന്ദ്രൻസും തന്റെ മകളുമായി ബന്ധപ്പെട്ട ഒരു പഴയ ഓർമയും വേദിയിൽ പങ്കുവച്ചു.

” സിനിമയിൽ നടനായി തിളങ്ങും മുൻപ് വസ്ത്രാലങ്കാരകനായി ഇന്ദ്രൻസ് പ്രവർത്തിക്കുന്ന കാലം.സുരേഷ് ഉണ്ണിത്താന്റെ ‘ഉത്സവമേളം’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയായിരുന്നു. വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു ആ ചിത്രത്തിൽ എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ അക്കാലത്തെന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു,” സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi, Suresh Gopi Daughter accident, Indrans, സുരേഷ് ഗോപി, ഇന്ദ്രൻസ്, സുരേഷ് ഗോപി മകൾ ലക്ഷ്മി മരണം, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

മകൾ ലക്ഷ്മിയ്ക്ക് ഒപ്പം സുരേഷ് ഗോപിയും രാധികയും

“1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്, പിന്നെ മകളില്ല.. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. അപകടമറിഞ്ഞ് എത്തി ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ ഞാൻ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം,” സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi, Suresh Gopi Daughter accident, Indrans, സുരേഷ് ഗോപി, ഇന്ദ്രൻസ്, സുരേഷ് ഗോപി മകൾ ലക്ഷ്മി മരണം, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

മക്കൾക്കൊപ്പം സുരേഷ് ഗോപിയും രാധികയും

Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook