ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിൽ വച്ചു നടന്നു. പുത്തൻ ലുക്കിലാണ് സുരേഷ് ഗോപി എത്തുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോഷി- സുരേഷ് ഗോപി ടീം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്.
Read more: സുരേഷ് ഗോപിയെ കാണാൻ ‘ഹരിഹർ നഗറി’ലെത്തിയ ഈ പയ്യനെ മനസ്സിലായോ?
ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.