സഹായം അഭ്യർത്ഥിച്ച് മുന്നിലെത്തുന്നവർക്കു മുന്നിൽ സഹായഹസ്തം നീട്ടാൻ ഒരിക്കലും മടിക്കാത്ത താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപ്രവർത്തകന്റെ കുപ്പായമണിയുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ, വ്യക്തിപരമായ രീതിയിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾ താരം നടത്തിയിട്ടുണ്ട്. കാര്‍ അപകടത്തില്‍ അകാലത്തില്‍ വിടപറഞ്ഞ മകളുടെ പേരിലും വ്യക്തിപരമായുമൊക്കെ വര്‍ഷങ്ങളായി കാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിവരികയാണ് സുരേഷ് ഗോപി.
ഇപ്പോഴിതാ, മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയ്ക്ക് സുരേഷ് ഗോപി നൽകിയ സഹായത്തിന് നന്ദി പറയുകയാണ് ‘മാ’ (Mimicry Artist association) സംഘടന. “സംഘടനയുടെ ഉന്നമനത്തിനായി ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് തരും,” എന്ന് സുരേഷ് ഗോപി ഒരു ടെലിവിഷൻ പരിപാടിയ്ക്കിടെ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനിലെ അംഗങ്ങൾക്ക് വാക്ക് നൽകിയിരുന്നു. ഇപ്പോൾ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് താരം. നടനും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന സംഘടനയുടെ ട്രഷററുമായ ഗിന്നസ് പക്രുവാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
“നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്.. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും”- സുരേഷ് ഗോപി.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി, സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി.
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും ഈ സംഘടന രൂപീകരിച്ചവരിൽ ഒരു അംഗം എന്ന നിലയിലും സംഘടനയുടെ ട്രഷറർ എന്ന നിലയിലും, വ്യക്തിപരമായി നന്ദി അറിയിക്കുന്നു.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരത്ചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് “ഓർമയുണ്ടോ ഈ മുഖം? ” MAA എന്ന സംഘടന പറയട്ടെ, എന്നും ഓർമയുണ്ടാകും ഈ മുഖം,” ഗിന്നസ് പക്രു കുറിച്ചതിങ്ങനെ.